ആലപ്പുഴ: കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി.ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ വൻ അഴിമതിയെന്ന് ചെന്നിത്തല. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെയാണ് അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു.സ്പ്രീംഗ്‌ളര്‍, ഇ- മൊബിലിറ്റി അഴിമതികളേക്കാള്‍ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വന്‍കിട അമേരിക്കന്‍ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരും ഇ.എം.സി.സി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും മത്സ്യബന്ധനം നടത്തും.
കരാര്‍ ഒപ്പിടും മുമ്പ് എല്‍.ഡി.എഫിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വന്‍കിട കുത്തക കമ്പനികളുമായി വലിയ ഗൂഡാലോചനയാണ് നടത്തിയത്. ഈ ഗൂഡാലോചനയ്ക്ക് നേതൃത്വം കൊടുക്കുന്നത് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണെന്നും ചെന്നിത്തല ആരോപിച്ചു.
Discussion about this post