തിരുവനന്തപുരം: കോൺഗ്രസ്- ഇടത് ഒത്തുതീർപ്പ് രാഷ്ട്രീയത്തെ പരിഹസിച്ച് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും ഡൽഹിയിലും കോൺഗ്രസും ഇടത് പക്ഷവും ഒറ്റക്കെട്ടാണ്. എന്നിട്ട് കേരളത്തിൽ ഇവർ പരസ്പരം പോരടിക്കുന്നത് എന്ത് പരിഹാസ്യമാണ് എന്നും അദ്ദേഹം ചോദിച്ചു.
ഇരു മുന്നണികളുടെയും രാഷ്ട്രീയം അവസരവാദപരമാണ്. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും ഡൽഹിയിൽ കോൺഗ്രസിനെ പിന്തുണച്ചിട്ട് ബംഗാളിൽ എതിർക്കുന്നു. പ്രാദേശിക പാർട്ടികൾക്കും ഈർക്കിലി പാർട്ടികൾക്കും തരാതരം ഉപയോഗിക്കാനുള്ള ഒരു പാർട്ടിയായി കോൺഗ്രസ് അധപതിച്ചുവെന്നും പ്രഹ്ളാദ് ജോഷി പരിഹസിച്ചു.
ബംഗാളിൽ പോളിറ്റ് ബ്യൂറോയെ വിശ്വസിക്കുകയും കേരളത്തിൽ അവിശ്വസിക്കുകയും ചെയ്യുന്ന നയമാണ് സിപിഎമ്മിന്റേത്. ഇവിടെ ഒരു നയവും അവിടെ മറ്റൊന്നും എന്നത് ഗതികേടാണ്. ഒരു ദേശീയ പാർട്ടിയുടെ പതനമാണ് ഈ ദുരവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കും. തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരം നിലനിർത്തും. പുതുച്ചേരിയിലും ബിജെപി സർക്കാർ അധികാരത്തിൽ വരും. കേരളത്തിലും ബിജെപി പ്രയാണം ആരംഭിച്ചു കഴിഞ്ഞു. അധികം വൈകാതെ അത്ഭുതങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലും വ്യക്തമായ നിലപാടില്ലാത്ത മുന്നണികളാണ് ഇടത് പക്ഷവും യുഡിഎഫും. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമാണ് അവർക്ക് അയ്യപ്പനെ ആവശ്യം. ഈ വിഷയത്തിൽ അടിയുറച്ച് ഭക്തർക്കൊപ്പം നിൽക്കുന്നത് ബിജെപി മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇരു മുന്നണികൾക്കും മുസ്ലീം പ്രീണനത്തിൽ മാത്രമാണ് താത്പര്യമെന്നും അത് ഏറ്റവും ജീർണ്ണിച്ച വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post