വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ ബിജെപി ഉയര്‍ത്തുന്ന ആരോപണത്തില്‍ മറുപടിയുമായി എഎം ആരിഫ് എംപി. മുസ്ലീം ധാരയായത് കൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നതെന്നും അത് കാലങ്ങളായി തുടരുന്നതാണെന്നും ആരിഫ് എംപി പറഞ്ഞു. തരം കിട്ടുമ്പോഴെല്ലാം ബിജെപി അനുകൂല ചാനലായ ജനം ടിവിയും തന്നെ ആക്രമിക്കാറുണ്ടെന്ന് ആരിഫ് പ്രതികരിച്ചു.
‘എസ്ഡിപിഐക്കെതിരെ സിപിഐഎം നടത്തി കൊണ്ടിരിക്കുന്ന അതിശക്തമായ പോരാട്ടം അറിയാഞ്ഞിട്ടല്ലല്ലോ. എസ്ഡിപിഐയും ആര്‍എസ്എസും രണ്ട് വര്‍ഗീയ സംഘടനകളാണ്. ആര്‍എസ്എസിന്റെ മുസ്ലീം വകഭേദമാണ് എസ്ഡിപിഐ. എസ്ഡിപിഐയുടെ ഹിന്ദു വര്‍ഗീയ വാദത്തിന്റെ പ്രതീകമാണ് ആര്‍എസ്എസ്. ഇവര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടല്‍ ഉണ്ടാവാറില്ല. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പൊലീസ് അന്വേഷിക്കട്ടെ.
ഈ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിച്ചിരുന്ന വാര്‍ഡുകളിലാണ് സിപിഐഎം പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ അവരെ തോല്‍പ്പിക്കാന്‍ പ്രചാരണത്തിന് എന്നെ നിര്‍ദേശിച്ചത്. എന്നാല്‍ ആകാവുന്ന ശബ്ദത്തില്‍ ഞാന്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു മുസ്ലീം നാമധാരിയായതിനാലാണ് ,എന്നെ ആക്രമിക്കാനുള്ള ആര്‍എസ്എസ് കടന്നാക്രമണം തുടരുകയാണ്. ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്. ജനം ടിവിയും കിട്ടുമ്പോഴെല്ലാം എന്നെ ആക്രമിക്കുന്നുണ്ട്.
ഡല്‍ഹിയില്‍ കലാപസ്ഥലത്ത് ഞാന്‍ പോയപ്പോള്‍ മുസ്ലീംങ്ങൾ ആക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ ഞാന്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് അവര്‍ പറഞ്ഞ കാര്യങ്ങള്‍ ലൈവായി ഞാന്‍ പങ്കുവെച്ചപ്പോള്‍ ജനം ടിവി ഞാന്‍ കലാപം നടത്തുകയാണെന്ന് വാര്‍ത്ത കൊടുത്തിരുന്നു. എന്റെ പ്രവര്‍ത്തനം ആരംഭിച്ചകാലം മുതല്‍ തുടങ്ങിയതാണ് ആര്‍എസ്എസ് ആക്രമണം. അത് എംഎല്‍എ ആയപ്പോള്‍ കൂടി. എംപി ആയപ്പോള്‍ കുറച്ച് കൂടി കൂടി. ഇവര്‍ കുറച്ച് കഴിയുമ്പോള്‍ കോടതിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കും.’
സംഭവത്തില്‍ എഎം ആരിഫ് എംപിക്കെതിരെ സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും വളര്‍ത്തുന്നതില്‍ ആരിഫി എംപിക്ക് പങ്കുണ്ടെന്നായിരുന്നു ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിന് എംപി ഇവര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു.
നന്ദുവിന്റെ കൊലപാതകത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ അന്‍സില്‍, സുനീര്‍ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. എസ്ഡിപിഐ പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കും വെട്ടേറ്റിട്ടുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാര്‍ അറിയിച്ചു.
കേന്ദ്രമന്ത്രി വി മുരളീധരന്‍ കൊല്ലപ്പെട്ട നന്ദുവിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ഇന്ന് വയലാറില്‍ എത്തും. വയലാര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് പത്താംപറമ്പില്‍ നന്ദുവാണ് എസ്ഡിപിഐ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നാഗംകുളങ്ങര കവലയില്‍ വെച്ചുനടന്ന ജാഥയ്ക്കിടെയായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.സംഘര്‍ഷത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. പരിക്കേറ്റ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്.
Discussion about this post