മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണവും ഡോളറും കടത്തിയിട്ടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. യോഗിയുടെ കാല് കഴുകി വെള്ളം കുടിക്കാനുള്ള യോഗ്യത മാത്രമേ പിണറായിക്ക് ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
യോഗിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുകയാണ്. അദ്ദേഹം ജയിലിൽ പോയില്ല. ഭരണ പരാജയം മറച്ചുവയ്ക്കാനാണ് പിണറായി യോഗിയെ വിമര്‍ശിക്കുന്നത്. യോഗിയുടെ പേരില്‍ നയാ പൈസയുടെ അഴിമതി ഇല്ല. അദ്ദേഹം അധികാരത്തിലെത്തുമ്പോൾ യുപിയിലെ ആരോഗ്യമേഖല തകര്‍ന്നു കിടക്കുകയായിരുന്നു. അത് കുറഞ്ഞ കാലയളവില്‍ മികച്ചതാക്കി. യുപിയില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്നില്ലെന്നാണ് പിണറായി ആരോപിക്കുന്നത്. ഇത് വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
കേരളത്തെ കുറിച്ച് പഠിക്കണമെന്നാണ് പിണറായി പറയുന്നത്. എന്താണ് കേരളത്തെ കുറിച്ച് പഠിക്കാനുള്ളത്. 250 രൂപയ്ക്ക് കിറ്റ് കൊടുക്കുന്നതാണോ എന്നും സുരേന്ദ്രന് പരിഹസിച്ചു.
Discussion about this post