കൊച്ചി: തൃപ്പൂണിത്തുറയിൽ മെട്രോമാൻ ഇ ശ്രീധരൻ എൻഡിഎ സ്ഥാനാർത്ഥിയാകാനുള്ള സാദ്ധ്യത തെളിഞ്ഞു. ബിജെപി കേന്ദ്രനേതൃത്വം ഇത്തരം ഒരു നിർദ്ദേശം മുന്നോട്ട് വെച്ചതായാണ് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂല ഘടകങ്ങളാകുമെന്നാണ് വിലയിരുത്തൽ.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ വേദിയിൽ എത്തിയാണ് മെട്രോമാൻ ഇ ശ്രീധരൻ ബിജെപി അംഗത്വം സ്വീകരിച്ചത്. പാർട്ടി പ്രവേശനം ജീവിതത്തിലെ പുതിയ അദ്ധ്യായമെന്നാണ് അദ്ദേഹം പറഞ്ഞത്. 8 മാസം കൊണ്ട് കഴിയേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീർത്തത് ഇ ശ്രീധരന്റെ ശ്രദ്ധേയ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
67 വർഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാൻ തീരുമാനിച്ചപ്പോൾ അതിന് ബിജെപി തന്നെയാണ് യോഗ്യമെന്നാണ് തനിക്ക് തോന്നിയത് എന്ന് ഇ ശ്രീധരൻ പറഞ്ഞിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഇ ശ്രീധരൻ ഇതു വരെ തീരുമാനമൊന്നും പറഞ്ഞിട്ടില്ല. ആർ എസ് എസ് ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന.
തൃപ്പൂണിത്തുറയിൽ മത്സരിച്ചാൽ ഇ ശ്രീധരന് വിജയം ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.
Discussion about this post