തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ കേസെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം കോടതിയലക്ഷ്യമാകുമെന്ന് വിലയിരുത്തൽ. സന്ദീപ് നായരുടെ മൊഴി കോടതിയുടെ പരിഗണനയിലാണ്. പുറത്തുവരാത്ത രേഖയായതിനാൽ ഇതിൽ നടപടിയെടുക്കുന്നത് കോടതിയലക്ഷ്യമാകുമെന്നാണ് വിലയിരുത്തൽ.
സന്ദീപ് നായരുടെ മൊഴി പൊതുരേഖയാകാത്തിടത്തോളം സംസ്ഥാന സർക്കാരിന് കേസെടുക്കാനാകില്ല. കോടതി നടപടികൾക്കു മുന്നേ സർക്കാർ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകാനാണ് ഇഡിയുടെ നീക്കം.
അതേസമയം സ്വപ്നയുടെ ശബ്ദരേഖ പോലെ സന്ദീപ് നായരുടെ പരാതിയും അപ്രസക്തമാകാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ നിഗമനം. സുരക്ഷാഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശബ്ദസന്ദേശം നൽകിയതെന്ന് ഇ.ഡി.ക്ക് സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്. ജയിൽ സൂപ്രണ്ടിന്റെ ഒപ്പുസഹിതമാണ് സ്വപ്നയിൽനിന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി. മൊഴി ശേഖരിച്ചത്. ഇതിന് ക്രൈംബ്രാഞ്ചിന് സ്വപ്ന നൽകിയ മൊഴിയെക്കാൾ നിയമപരമായ പ്രാധാന്യമുണ്ട്.
സന്ദീപിന്റെ മൊഴിയിന്മേലും ഇത്തരമൊരു സാധ്യതയാണ് പരിഗണിക്കപ്പെടുന്നത്.
Discussion about this post