ഈരാറ്റുപേട്ട: വ്യാജരേഖ ചമച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പതിനാറ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. 2005ല്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ഹാജരാക്കി വായ്പയെടുത്ത ശേഷം ലോണ്‍ തുക തിരിച്ചടക്കാതെ ഒളിവില്‍പോയ നടയ്ക്കല്‍ സ്വദേശി ഹബീബ് മേത്തറാണ് (57) പിടിയിലായത്.
പണം അടക്കണമെന്ന് കാണിച്ച് ഗ്രാമീണ ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് സുനീര്‍ എന്നയാള്‍ ബാങ്കില്‍ ചെന്ന് അന്വേഷണം നടത്തുകയായിരുന്നു. സുനീറിന്റെ പേരില്‍ കരം അടച്ച വ്യാജ രസീത് ഉള്‍പ്പെടെ തയാറാക്കി ബാങ്കില്‍ ഹാജരാക്കിയാണ് ഹബീബ് പണം തട്ടിയതെന്ന് ഇതോടെ ബോദ്ധ്യപ്പെട്ടു.
ലോണ്‍ എടുക്കുന്ന സമയം ബാങ്കിനു ഈടായി നല്കിയ പ്രതിയുടെ പേരില്‍ ഉള്ള സ്ഥലം വില്പന നടത്തിയ ശേഷം ഇയാള്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ ഹബീബിന്റെ പേരില്‍ സ്ഥലം ഇല്ലെന്നറിഞ്ഞു. തുടര്‍ന്ന് ജാമ്യക്കാരനായ സുനീറിന്റെ സ്ഥലം ജപ്തി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിനു പുറമെ സുനീര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇല്ലാത്ത സ്ഥലത്തിന്റെ പേരില്‍ വ്യാജരേഖ തയാറാക്കി ബാങ്കില്‍ ഹാജരാക്കിയ വിവരം അറിയുന്നത്. കോട്ടയത്തുള്ള ഒരു പ്രസില്‍ നിന്നും കരം അടച്ച രസീത് സംഘടിപ്പിച്ചായിരുന്നു ഹബീബ് മേത്തർ തട്ടിപ്പ് നടത്തിയത്.
Discussion about this post