മുംബൈ: അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവം നിർണ്ണായക വഴിത്തിരിവിൽ. സംഭവ ദിവസം അംബാനിയുടെ വസതിക്ക് മുന്നിൽ പി പി ഇ കിറ്റ് ധരിച്ച് നിന്നത് എൻ ഐ എ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെന്ന് മൊഴി. വാസെയുടെ ജീവനക്കാരൻ തന്നെയാണ് മൊഴി നൽകിയിരിക്കുന്നത് എന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ ദിവസം സംഭവ സ്ഥലത്ത് വാസെയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി എൻ ഐ എ കണ്ടെത്തിയിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ മൊഴി.
അതേസമയം സച്ചിൻ വാസെയെ മാർച്ച് 25 വരെ കസ്റ്റഡിയിൽ വിട്ടതോടെ അദ്ദേഹത്തെ മഹാരാഷ്ട്ര പൊലീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ആവശ്യപ്പെട്ടു.
തന്റെ ഭർത്താവിനെ സച്ചിൻ വാസെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലിൽ തള്ളുകയായിരുന്നു എന്ന ആരോപണവുമായി കേസുമായി ബന്ധപ്പെട്ട് മരണപ്പെട്ട വാഹന ഉടമ മൻസുഖ് ഹിരണിന്റെ ഭാര്യയും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ മഹാരാഷ്ട്ര സർക്കാരിലും തമ്മിലടി രൂക്ഷമാകുയാണ്. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ മാറ്റണമെന്ന ആവശ്യം മഹാവികാസ് അഘാഡിയിലും ശക്തമാണ്. എന്നാൽ എൻസിപി ഇതിന് തയ്യാറല്ല.
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന എൻസിപിക്കെതിരെ കോൺഗ്രസിലും ശിവസേനയിലും എതിർപ്പ് ശക്തമാകുകയാണ്. സച്ചിൻ വാസെയെ അനുകൂലിക്കുന്ന നിലപാടാണ് ശിവസേന സ്വീകരിക്കുന്നത്.
അതേസമയം ഘാട്കോപ്പർ സ്ഫോടനക്കേസിൽ പ്രതിയുടെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് 2004 മുതൽ സസ്പെൻഷനിലായിരുന്ന സച്ചിൻ വാസെയെ 2020ൽ ഉദ്ധവ് സർക്കാർ തിരിച്ചെടുത്തതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പട്ടു. ശിവസേനയുടെ പ്രത്യേക താൽപര്യപ്രകാരമാണ് സസ്പെൻഷൻ പിൻവലിച്ചതും തിരിച്ചെടുത്തതുമെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ ആരോപിച്ചു.
റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതും സച്ചിൻ വാസെ ആയിരുന്നു. ഇതോടെ അർണബ് കേസിലെ രാഷ്ട്രീയ ഗൂഢാലോചനയും കേസിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്
Discussion about this post