കോഴിക്കോട്: അന്‍ധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ കെ.എം ഷാജിക്കെതിരെ കുരുക്ക് മുറുകുന്നു. കഴിഞ്ഞ ദിവസം ഷാജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അരക്കോടിയോളം രൂപയുടെ രേഖകള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കിയില്ലെങ്കില്‍ എംഎല്‍എയുടെ അനധികൃത സ്വത്തായി തുകയെ കണക്കാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. ഷാജിയുടെ കണ്ണൂര്‍ അലവില്‍ മണലിലെ വീടിന്റെ കിടപ്പുമുറിയുടെ കട്ടിലിനടിയിലെ അറയില്‍ നിന്നാണ് 47,35,500 രൂപ കണ്ടെടുത്തത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണമാണ് കണ്ടെത്തിയതെന്നായിരുന്നു വിജിലന്‍സിന് ഷാജി നല്‍കിയ മൊഴി. ഇതേ കാര്യം മാധ്യമങ്ങളോടും ഷാജി വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച പണത്തിന് കുറ്റിയും രശീതിയും മറ്റ് രേഖകളുമുണ്ടെന്നാണ് ഷാജി പറഞ്ഞത്. എന്നാല്‍ കൗണ്ടര്‍ ഫോയില്‍ അടക്കം ശേഖരിക്കാന്‍ സമയം വേണമെന്നു ഷാജി പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഒരാഴ്ചത്തെ സമയം അനുവദിച്ചത്.
മണ്ഡലം കമ്മിറ്റി പണം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിന്‍റെ മിനിട്സ് അടക്കം ഷാജി വിജിലന്‍സിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ രേഖകള്‍ കൈമാറാത്ത പക്ഷം തന്റെ വാദം തെളിയിക്കാന്‍ ഷാജിക്ക് സാധിക്കില്ല. പിടിച്ചെടുത്ത തുകയും അന്വേഷണ റിപ്പോര്‍ട്ടും കോടതിക്ക് കൈമാറിയതിനാല്‍ കോടതി നിര്‍ദേശം കൂടി പരിഗണിച്ചാവും തുടര്‍ നടപടിയെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.വന്‍തുക സംഭാവന ചെയ്തവരുടെ പേരുവിവരം ലഭ്യമായാല്‍ ആവശ്യമെങ്കില്‍ അവരുടെ മൊഴി രേഖപ്പെടുത്തും.
2011 ജൂണ്‍ മുതല്‍ 2020 ഒക്ടോബര്‍ വരെ ഷാജിയുടെ വരുമാനം വരവിനേക്കാള്‍ 166 ശതമാനം വര്‍ധിച്ചെന്നും 1.47 കോടി രൂപയുടെ അനധികൃത സ്വത്തുണ്ടെന്നുമാണ് വിജിലന്‍സ് നേരത്തെ കണ്ടെത്തിയത്. മുഴുവന്‍ സ്വത്ത് വഹകളുടെയും ബിസിനസ് പങ്കാളിത്തത്തിന്റെയും കൃഷിയുടെയും ഉള്‍പ്പെടെ രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. പിടിച്ച അരക്കോടിയോളം രൂപക്ക് രേഖ ഹാജരാക്കിയില്ലെങ്കില്‍ മൊത്തം രണ്ടുകോടിയോളം രൂപയുടെ അനധികൃത സ്വത്ത് എന്ന നിലയിലാവും കേസ് മുന്നോട്ടുകൊണ്ടുപോവുക.
Discussion about this post