പത്തനംതിട്ട : ആംബുലന്‍സ് മാത്രമല്ല ബീക്കണ്‍ ലൈറ്റും അലാറവും മുഴങ്ങുന്ന ടാങ്കര്‍ വാഹനവും ട്രാഫിക് ബ്ലോക്കില്‍പ്പെടാതെ കടത്തിവിടണം. ജില്ലയില്‍ ഓക്സിജന്‍ ക്ഷാമം വര്‍ധിച്ച് വരുമ്പോള്‍ ടാങ്കര്‍ വാഹനങ്ങള്‍ പലതും ഓക്സിജന്‍ ശേഖരിക്കാനായി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. എന്നാല്‍, ഈ ടാങ്കര്‍ വാഹനങ്ങള്‍ പലപ്പോഴും ഗതാഗത കുരുക്കില്‍പ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ പൊതുജനങ്ങളും പൊലീസും ശ്രമിക്കണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം പറയുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം അനുസരിച്ചാണ് ടാങ്കര്‍ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റും അലാറവും ഘടിപ്പിക്കുന്നത്.
മല്ലപ്പള്ളി സബ് ആര്.ടി.ഒ ഓഫിസിന്റെ നേതൃത്വത്തില്‍ മല്ലപ്പള്ളി കുന്നന്താനം ഓസോണ്‍ ഗ്യാസ് ഏജന്‍സിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ടാങ്കര്‍ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റും അലാറവും ഘടിപ്പിച്ചിട്ടുണ്ട്. ഇവര്‍ പാലക്കാട് നിന്നാണ് ഓക്സിജന്‍ എടുക്കുന്നത്. അത് ഓക്സിജന്‍ ശേഖരിക്കുന്ന വാര് റൂമിലെത്തിക്കും.
ഓക്സിജന്‍ ശേഖരണത്തിനായി കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയും ഉണ്ട്. അനേകര്‍ ഓക്സിജനായി കാത്തിരിക്കുമ്ബോള്‍ ഓക്സിജനുമായി വരുന്ന വാഹനങ്ങള്‍ക്ക് അതിവേഗം കടന്നു പോകാന്‍ കഴിയുന്ന രീതിയില്‍ പൊലീസും ജനങ്ങളും സഹായം നല്‍കേണ്ടതുണ്ട്. ‘മെഡിക്കല്‍ ഓകിസിജന്‍’, ‘ഹോസ്പിറ്റല്‍ സര്‍വിസ്’ എന്നൊക്ക വാഹനങ്ങളില്‍ എഴുതിയിട്ടുണ്ടെങ്കിലും പൊലീസിനു പോലും അടുത്തെത്തിയാല്‍ മാത്രമേ ഇത് ഓക്സിജനുമായെത്തുന്ന വാഹനമാണെന്ന് മനസ്സിലാകു. ആളുകള്‍ക്ക് പരിചയമില്ലാത്തതിനാല്‍ അവരും മാര്‍ഗ തടസ്സമായി നില്‍ക്കുകയാണ് പതിവ്.ഇതിനെത്തുടർന്നാണ് ഇങ്ങിനെയൊരു സംവിധാനം അധികൃതർ കൊണ്ട് വന്നത്.
Discussion about this post