തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ അധികൃതരുടെ കടുത്ത അനാസ്ഥയെ തുടർന്ന് ഭക്ഷ്യധാന്യങ്ങൾ നശിപ്പിക്കപ്പെട്ടു. കൊവിഡ് ഒന്നാം തരംഗത്തില്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച 596710.46 കിലോ കടല റേഷന്‍കടകളിലിരുന്ന് പഴകി നശിച്ചു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതലുള്ള ലോക്ക്ഡൗണ്‍ കാലത്ത് ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന’ പ്രകാരം അനുവദിച്ചതാണിത്. കുറേപ്പേര്‍ ഇത് വാങ്ങിയിരുന്നില്ല. അങ്ങനെ മിച്ചം വന്നതാണ് നാലുമാസമായി റേഷന്‍കടകളിലിരുന്ന് പുഴുവരിച്ചത്.
മിച്ചം വന്ന കടല സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യക്കിറ്റില്‍ പെടുത്തി വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ചിരുന്നു. പക്ഷേ, യഥാസമയം ഇവ റേഷന്‍കടകളില്‍ നിന്ന് തിരിച്ചെടുത്ത് വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് തയ്യാറായിരുന്നില്ല.
അതിദരിദ്ര വിഭാഗങ്ങളില്‍പെടുന്ന അന്ത്യോദയ അന്നയോജന, മറ്റ് മുന്‍ഗണനാവിഭാഗം എന്നിവർക്ക് നല്‍കാനാണ് കേന്ദ്രം അരിയോടും ഗോതമ്പിനോടും പയറിനോടുമൊപ്പം കടലയും അനുവദിച്ചത്. കേരളത്തില്‍ അന്ത്യോദയയില്‍ 593976 കാര്‍ഡും മുന്‍ഗണനാവിഭാഗത്തില്‍ 3309926 കാര്‍ഡുമാണ് ഉള്ളത്. കാര്‍ഡിലെ അംഗങ്ങള്‍ക്ക് നാലുകിലോ അരി, ഒരുകിലോ ഗോതമ്പ് എന്നിവ വീതവും കാര്‍ഡ് ഒന്നിന് ഒരുകിലോഗ്രാം വീതം ഭക്ഷ്യധാന്യവുമാണ് നല്‍കേണ്ടിയിരുന്നത്.
കേന്ദ്രം നൽകിയതിൽ നിന്നും മിച്ചം വന്ന അരിയും ഗോതമ്പും സംസ്ഥാനം സ്വന്തം നിലയ്ക്ക് വിതരണം ചെയ്തിരുന്നു.
Discussion about this post