ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണിസിലിന്റെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ. രണ്ടാം സ്ഥാനത്ത് ന്യൂസിലാൻഡാണ്. ഇരു ടീമുകളുമാണ് അന്താരാഷ്ട്ര ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മാറ്റുരയ്ക്കുന്നത്.
ഒരു റേറ്റിംഗ് പോയിന്റ് നേടിയ ഇന്ത്യയുടെ ആകെ പോയിന്റ് 121 ആണ്. രണ്ട് റേറ്റിംഗ് പോയിന്റുകൾ നേടിയെങ്കിലും 120 പോയിന്റുമായി ഇന്ത്യക്ക് തൊട്ടു പിന്നിലാണ് കീവീസ്.
ഓസ്ട്രേലിയക്കെതിരെ നേടിയ 2-1 വിജയവും ഇംഗ്ലണ്ടിനെതിരെ നേടിയ 3-1 വിജയവുമാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. വെസ്റ്റ് ഇൻഡീസിനും പാകിസ്ഥാനുമെതിരെ നേടിയ 2-0 വിജയമാണ് ന്യൂസിലാൻഡിന്റെ നേട്ടം.
പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും നാലാം സ്ഥാനത്ത് ഓസ്ട്രേലിയയുമാണ്. പാകിസ്ഥാൻ അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ 2013ന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് ആറാമതും ദക്ഷിണാഫ്രിക്ക ഏഴാമതുമാണ്. ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമെതിരായ മികച്ച പ്രകടനമാണ് വിൻഡീസിനെ തുണച്ചത്.
ശ്രീലങ്ക എട്ടാം സ്ഥാനത്തും ബംഗ്ലാദേശ് ഒൻപതാം സ്ഥാനത്തും സിംബാബ്വെ പത്താം സ്ഥാനത്തുമാണ്. ടെസ്റ്റ് പദവി ഉണ്ടെങ്കിലും ആവശ്യത്തിന് മത്സരങ്ങൾ കളിക്കാത്തതിനാൽ അഫ്ഗാനിസ്ഥാനും അയർലൻഡും പട്ടികയിൽ ഇല്ല.
Discussion about this post