തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ അടുത്തിരിക്കെ മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തിൽ ഏകദേശ ധാരണയായതായി സൂചന. സിപിഎമ്മിലെ മന്ത്രിമാരെല്ലാം പുതുമുഖങ്ങൾ ആകാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ മരുമകനും ഡി വൈ എഫ് ഐ നേതാവുമായ പി എ മുഹമ്മദ് റിയാസ് മന്ത്രിയാകും. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ മന്ത്രിസ്ഥാനത്ത് തുടരും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പുതിയ പട്ടികയിൽ ശൈലജയുടെ പേരില്ല എന്നാണ് സൂചന.
കേരള കോൺഗ്രസിന് പൊതുമരാമത്ത് വകുപ്പ് ലഭിക്കാനാണ് സാധ്യത. രജിസ്‌ട്രേഷൻ വകുപ്പും ഇവർക്ക് ലഭിച്ചേക്കും. റവന്യൂ, സിവിൽസപ്ലൈസ്, കൃഷി വകുപ്പുകൾ സിപിഐക്കായിരിക്കും. സിപിഎമ്മിന്റെ ചില വകുപ്പുകൾ പുതിയ ഘടകകക്ഷികൾക്കായി വീതിച്ചേക്കും.
21 മന്ത്രിമാരായിരിക്കും ഉണ്ടാകുകയെന്ന് ഇടത് മുന്നണിയോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരളകോൺഗ്രസിലെ ആന്റണി രാജുവും ആദ്യ രണ്ടരവർഷം മന്ത്രിമാരാകും. കേരള കോൺഗ്രസ് ബിക്കും കോൺഗ്രസ് എസിനും രണ്ടാം ഘട്ടത്തിൽ മന്ത്രിസ്ഥാനം ലഭിക്കും.
എൽ.ജെ.ഡി, ജനതാദൾ (എസ്) പാർട്ടികൾ ലയിക്കുകയാണെങ്കിൽ മന്ത്രിസ്ഥാനം പങ്കിടണമെന്ന് ഇടത് മുന്നണി യോഗം നിർദ്ദേശിച്ചു. സി.പി.ഐ.യിൽനിന്ന് ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജൻ എന്നിവർ മന്ത്രിമാരായേക്കും. ഇ ചന്ദ്രശേഖരന് പകരം ഇ കെ വിജയന് സാധ്യതയുണ്ട്. ചിറ്റയം ഗോപകുമാറായിരിക്കും ഡെപ്യൂട്ടി സ്പീക്കർ.
കെ. കൃഷ്ണൻകുട്ടിയായിരിക്കും ജനതാദൾ എസിൽ നിന്നുള്ള മന്ത്രി. എൻ.സി.പി.യിൽനിന്ന് എ.കെ. ശശീന്ദ്രനായിരിക്കും മന്ത്രി.
വീണാ ജോർജ് സ്പീക്കറാകാൻ സാധ്യതയുണ്ട്. പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, പി എ മുഹമ്മദ് റിയാസ് എന്നിവർ മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. വി. ശിവൻകുട്ടി, വി.എൻ. വാസവൻ, എം.ബി. രാജേഷ്, വി. അബ്ദുറഹ്മാൻ, പി.പി. ചിത്തരഞ്ജൻ, പ്രൊഫ. ആർ. ബിന്ദു എന്നിവർ സാധ്യതാപട്ടികയിലുണ്ട്. കെ കെ ശൈലജയുടെ കാര്യം അനിശ്ചിതത്വത്തിലാണ്.
Discussion about this post