തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ മെഡിക്കൽ വിദ്യാർത്ഥികൾ രംഗത്ത്. ആരോഗ്യ പ്രവര്‍ത്തകരും സാധാരണക്കാരും കോവിഡിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടക്കുന്ന ജില്ലയില്‍ ആളെക്കൂട്ടിയുള്ള സത്യപ്രതിജ്ഞ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഇവർ പറയുന്നു.
ദിവസക്കൂലിക്ക് വേണ്ടി ചോര നീരാക്കുന്നവര്‍ മുണ്ടു മുറുക്കി വീട്ടില്‍ ഇരിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സത്യപ്രതിജ്ഞയില്‍ നിന്നും പിന്‍മാറണമെന്നും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കുള്ള തുറന്നകത്തില്‍ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാർഥി യൂണിയനാണ് തുറന്ന കത്തുമായി രംഗത്ത് വന്നിരിക്കുന്നത്.
കേരള സമൂഹം ഒന്നടങ്കം മഹാമാരിയുടെ രണ്ടാം വരവിനു മുന്നില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പെടാപ്പാട് പെടുകയാണ്. രോഗവ്യാപനത്തോത് കുറയ്ക്കുവാന്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ അടക്കം നടപ്പിലാക്കിയ ഈ സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത മനസ്സിലാക്കി ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ രോഗവാഹകരായി മാറി സാധാരണ ജനങ്ങളിലേക്ക് കൂടി രോഗം പടര്‍ത്തുന്നതിലുള്ള ഗുരുതരാവസ്ഥയെ മുന്നില്‍ കണ്ട് അനുചിതമായ ഈ തീരുമാനം മാതൃകാപരായി ഒഴിവാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
ഇല്ലായ്മയില്‍ നിന്നും സ്വരുക്കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോള്‍ പൊതു ഖജനാവിലെ സമ്പാദ്യം ഇത്തരം ആഘോഷങ്ങളിലേക്ക് ഈ വെല്ലുവിളി നേരിടുന്ന സമയത്തും ചിലവാക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും മെഡിക്കൽ വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. നിയുക്ത മന്ത്രിമാരും സർക്കാരും മുഖേനയോ വെര്‍ച്വല്‍ റിയാലിറ്റി വഴിയോ സത്യപ്രതിജ്ഞ ചെയ്യണമെന്നും ഇവർ ആവശ്യം ഉന്നയിക്കുന്നു.
Discussion about this post