ഭീകരവാദ ബന്ധമുള്ള സംഘടനകളുമായുള്ള അടുപ്പം കാരണം കൊല്ലം ഇന്റലിജൻസ് ഡി വൈ എസ് പിയെ അടിയന്തിരമായി കോട്ടയത്തേക്ക് സ്ഥലം മാറ്റിയതായി റിപ്പോർട്ടുകൾ. കൊല്ലം ഇന്റലിജൻസ് ഡി വൈ എസ് പി ആയിരുന്ന ഷെരീഫ് ആണ് കോട്ടയത്തേക്ക് സ്ഥലം മാറ്റപ്പെട്ടത് എന്നാണ് അറിയുന്നത്. രാജ്യവിരുദ്ധ ശക്തികളുമായും ഭീകരവാദികളുമായും ബന്ധമുണ്ടായിരുന്നു ഇയാൾക്ക് എന്നാണ് റിപ്പോർട്ട്. ഇയാൾക്കെതിരേ അടിയന്തിര അന്വേഷണത്തിനും ഉത്തരവുണ്ടായതായി അറിയുന്നു.
പൊതുജനതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവൃത്തികളും കൃത്യനിർവഹണത്തിലുണ്ടായ വീഴ്ചകളും എന്നാണ് സ്ഥലം മാറ്റ ഉത്തരവിലുള്ളതെന്നാണ് അറിയുന്നത്. പല രീതിയിൽ സ്വാധീനമുപയോഗിച്ച് കൊല്ലത്തെ ഇന്റലിജൻസ് ഡി വൈ എസ് പി സ്ഥാനം കൈയ്യടക്കുകയായിരുന്നു ഇയാൾ എന്നാണ് റിപ്പോർട്ടുകൾ.
വിവിധ സ്റ്റേഷനുകളിൽ എസ് ഐ ആയും സി ഐ ആയും ജൊലി ചെയ്തിരുന്ന ഇയാൾ വിവിധ ഭീകരവാദബന്ധമുള്ള സംഘടനകളുമായും അടുത്ത് പ്രവർത്തിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഭീകരവാദ ബന്ധം ആരോപിക്കുന്ന സംഘടനാ നേതാക്കളുമായി അടുത്ത സൗഹൃദമുണ്ടായിരുന്നയാളായിരുന്നു ഇയാളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫീൽഡിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സമയത്തിന് മേലുദ്യോഗസ്ഥർക്ക് കൈമാറിയില്ല എന്നും കോവിഡ് ലോക് ഡൗണിന്റെ സമയത്തുൾപ്പെടെ കൊല്ലത്തെ ഇന്റലിജൻസ് സംവിധാനത്തിലുണ്ടായ തകർച്ചയുടെ കാരണം ഈ ഡീവൈഎസ് പി ആണെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഈ ഡി വൈ എസ് പിയുടെ മുൻകാല പ്രവൃത്തികളടക്കം അന്വേഷിക്കുകയും മൊബൈൽ ഫോൺ തെളിവുകളടക്കം ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുമെന്നാണ് സൂചനകൾ. വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നതിനിടെ ഇയാൾ നടത്തിയ ദുരൂഹമായ ഇടപെടലുകളും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്ന് അറിയുന്നു. ഭീകരവാദബന്ധമുള്ള സംഘടനകളുടെ നേതാക്കളുടെ സഹായങ്ങൾ സ്വീകരിച്ചിരുന്നതായും അവരുടെ വാഹനങ്ങൾ ഉപയോഗിച്ചിരുന്നതായും തെളിവുകളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തമിഴ്നാട്ടിൽ സ്ഫോടനം നടത്താൻ ശ്രമിച്ചെന്ന സംശയത്തിൽ രണ്ടുപേരെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരു പുനലൂർ സ്വദേശിയുമുണ്ടായിരുന്നു. ഇതിൽ കൂടുതൽ അന്വേഷണം നടത്താൻ അവർ കേരളാ പോലീസിനോട് ആവശ്യപ്പെട്ടു. ഇതിന് നിയോഗിക്കപ്പെട്ടത് ഈ ഉദ്യോഗസ്ഥനായിരുന്നു എന്നാണ് വിവരം. പിടിയിലായ ഭീകരർക്ക് അനുകൂലമായാണ് ഈ ഉദ്യോഗസ്ഥൻ റിപ്പൊർട്ട് നൽകിയതെന്നാണ് വിവരം.
കേരളാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അംഗങ്ങളായ ‘പച്ചവെളിച്ചം‘ എന്നൊരു ഗ്രൂപ്പ് ഭീകരവാദപ്രവർത്തനങ്ങളെ സഹായിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം കാലങ്ങളായി നിലവിലുണ്ട്. കേരളാ പോലീസിൽ നിന്ന് ഭീകരശക്തികൾക്കും ദേശവിരുദ്ധപ്രവർത്തനങ്ങൾക്കും അനുകൂലമായ ശക്തികൾ പ്രവർത്തിക്കുന്നുവെന്നത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്. ശക്തമായ തുടർനടപടികളുണ്ടാവും എന്നാണ് സൂചന.
Discussion about this post