ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പേരിൽ കോൺഗ്രസ് നിരന്തരം രാജ്യത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. കൊറോണയുടെ പുതിയ വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. കൊറോണ വാക്‌സിനെ ബിജെപി വാക്‌സിനെന്നും കൊറോണയുടെ പുതിയ വകഭേദത്തെ ഇന്ത്യൻ വകഭേദം എന്നും വിളിക്കാനാണ് കോൺഗ്രസിന് താത്പര്യമെന്നും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.
കൊറോണയുടെ പുതിയ രൂപാന്തരത്തെ ഇന്ത്യൻ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസ് ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്‌സിൻ ആദ്യം പുറത്തിറക്കിയപ്പോൾ ബിജെപി വാക്‌സിൻ എന്നാണ് വിശേഷിപ്പിച്ചതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കൊവാക്‌സൻ കുത്തിവെപ്പ് നടത്തിയവർക്ക് യാത്രാ വിലക്കുണ്ടെന്ന് പ്രചരിപ്പിച്ചു. എന്നാൽ അത്തരത്തിലൊരു തീരുമാനം ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ലെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
കൊറോണക്ക് ഇന്ത്യൻ വകഭേദം ഇല്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഇന്ത്യൻ വകഭേദം എന്ന് ശാസ്ത്രീയമായി ഉദ്ധരിച്ചിട്ടില്ലെന്നും അതിനാൽ ഈ പരാമർശം ഉൾപ്പെടുന്ന വാർത്തകളും പോസ്റ്റുകളും നീക്കം ചെയ്യണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശാസ്ത്രജ്ഞർ ഈ നാമം പ്രയോഗിക്കുന്നുണ്ടെന്നായിരുന്നു കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പ്രതികരണം.
നിലവിൽ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്ന ബി.1.617 എന്ന കൊറോണ വകഭേദം ഇന്ത്യൻ വകഭേദമല്ല. അത്തരം ഒരു നിരീക്ഷണവും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഐടി മന്ത്രാലയം വിശദീകരിക്കുന്നു. എന്നാൽ പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും ഈ പേര് ഉപയോഗിക്കാൻ പേടിയാണെന്നായിരുന്നു കമൽനാഥിന്റെ പരാമർശം.
Discussion about this post