വാഷിംഗ്ടൺ: ലോകത്തെ വിറപ്പിച്ച് കൊവിഡ് മഹമാരി സംഹാര താണ്ഡവമാടുമ്പോൾ വൈറസിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് അമേരിക്ക. വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയിൽ നിന്നോ അതോ മൃഗങ്ങളിൽ നിന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണത്തിന് വേണ്ടിയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
വിഷയത്തിൽ 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ബൈഡൻ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദേശം നൽകി. ചൈനയിലെ വുഹാനിലുള്ള മാംസവ്യാപാര കേന്ദ്രത്തിൽ വിൽപ്പനയ്ക്കുവച്ച മൃഗങ്ങളിൽ നിന്നാണോ അതോ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലബോറട്ടറിയിൽ നിന്നാണോ വൈറസിന്റെ ഉദ്ഭവം എന്ന കാര്യത്തിലാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നത്.
രോഗവ്യാപനത്തിന് കാരണം തങ്ങളല്ല എന്നാണ് ചൈനയുടെ നിലപാട്. എന്നാൽ ചൈനയിലെ ലാബിൽനിന്നു പുറത്തുവന്ന വൈറസാണിതെന്ന നിഗമനമാണ് നിലവിൽ ഉയർന്നു വരുന്നത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ഇക്കാര്യത്തിൽ ചൈനക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
Discussion about this post