മലപ്പുറം : ജില്ലയില്‍ ഓക്‌സിജന്‍ക്ഷാമം പരിഹരിക്കാന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സർക്കാർ അനുമതി നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ ഓക്‌സിജന്‍ പ്ലാന്റുകള്‍ വേണമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധിയുള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് കേന്ദ്രം പ്ലാന്റുകള്‍ക്ക് അനുമതി നല്‍കിയത്.
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ ജില്ലയിലെ ഓക്‌സിജന്‍ പ്ലാന്റുകളുടെ എണ്ണം ആറാകും. മിനിറ്റില്‍ 10000 ലിറ്റര്‍ ഓക്‌സിജന്‍ ഉത്പാദിപിക്കാന്‍ കഴിയുന്ന പ്ലാന്റുകളാണ് നിര്‍മ്മിക്കുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എന്‍എച്ച്‌ആര്‍ഐയ്ക്കാണ് പ്ലാന്റിന്റെ നിര്‍മ്മാണ ചുമതല. മെന്‍സ് ഹോസ്റ്റലിന് സമീപം 1500 ചതുരശ്ര അടിയില്‍ അഞ്ച് മീറ്റര്‍ ഉയരത്തിലാണ് നിര്‍മ്മാണം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും നാഷണല്‍ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ ആണ് പ്ലാന്റ് നിര്‍മിക്കുന്നത്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച പ്ലാന്റുകളാണ് ഇവിടങ്ങളില്‍ സ്ഥാപിക്കുക. ഇതിനായി ഹൈദരാബാദില്‍ നിന്നും പ്ലാന്റുകള്‍ എത്തിക്കും. ഒരു മാസത്തിനുള്ളില്‍ പ്ലാന്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post