തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് മരണങ്ങൾ കുറച്ചു കാണിക്കുന്നതായി ആരോപണം. യഥാർഥ കോവിഡ് മരണത്തെക്കാൾ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങളിൽനിന്നും പലതും ഒഴിവാക്കുന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
കൃത്യമായ കണക്കുകൾ മറച്ചു വെക്കുന്നത് വലിയ സാമൂഹ്യ അനീതിക്ക് കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കായുള്ള പദ്ധതികളിൽ നിന്നും പലരും ഒഴിവാക്കപ്പെടും. അനാഥരായ കുട്ടികളെ സംരക്ഷിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുമ്പോഴും പലരും പട്ടികയ്ക്ക് പുറത്തായേക്കും.
കൊവിഡിന് പുറമേ ഗുരുതരമായ അസുഖങ്ങൾ ഉള്ള ഒരാൾ രോഗം മൂർച്ഛിച്ച് മരിക്കുമ്പോൾ കോവിഡ് പോസിറ്റീവ് ആണെങ്കിൽപ്പോലും പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. രോഗിയെ ചികിത്സിച്ച ഡോക്ടർമാർ നൽകുന്ന മരണ സർട്ടിഫിക്കറ്റ് പോലും വിദഗ്ധ സമിതി പരിഗണിക്കുന്നില്ല എന്നും പരാതിയുണ്ട്.
ശ്മശാനങ്ങളിൽ രേഖപ്പെടുത്തുന്ന കോവിഡ് മരണങ്ങളുടെ എണ്ണവും ഔദ്യോഗിക പട്ടികകളെക്കാൾ ഉയർന്നതാണ്. പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ മരണക്കണക്കുകളിൽ വൻ വ്യത്യാസമാണുള്ളത്. മേയ് 12-ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ 70 മരണങ്ങൾ നടന്നതായി പി.ജി. അധ്യാപകരുടെ സംഘടന വെളിപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് ഇതര മരണങ്ങളടക്കം 40 മരണങ്ങൾ മാത്രമാണ് അധികൃതർ അറിയിച്ചത്.
Discussion about this post