തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ നീക്കം നടക്കുന്നതായി സൂചന. ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി അവസാനിച്ചതിനാൽ സർവീസിൽ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉപദേശം തേടിയതായി സൂചനയുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
2020 ജൂലൈ 5നായിരുന്നു പതിനഞ്ച് കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണ്ണം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥന്റെ പേർക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലായിരുന്നു സ്വർണ്ണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥൻ സരിത് അറസ്റ്റിലായിരുന്നു.
കേസിൽ സ്വപ്ന സുരേഷുമായുള്ള ബന്ധം പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കർ സസ്പെൻഡ് ചെയ്യപ്പെടുകയായിരുന്നു. കേസിൽ അന്വേഷണ വിധേയനയായ ശിവശങ്കർ സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. തുടർന്ന് എൻഫോഴ്സ്മെന്റ് ശിവശങ്കറെ അറസ്റ്റ് ചെയ്തിരുന്നു. ഡോളർ കടത്ത് കേസിലും കസ്റ്റഡിയിലായ ശിവശങ്കർ 2021 ഫെബ്രുവരി 3നായിരുന്നു പുറത്തിറങ്ങിയത്.
Discussion about this post