തിരുവനന്തപുരം: ലക്ഷദ്വീപിന്റെ പേരിൽ രാജ്യദ്രോഹ പരാമർശം നടത്തിയ ആക്ടിവിസ്റ്റ് ഐഷ സുൽത്താനക്കും മീഡിയ വൺ ചാനലിലെ വാർത്താ അവതാരകൻ നിഷാദ് റാവുത്തറിനും എതിരെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് സമർപ്പിക്കും. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികളിലേക്ക് കടക്കും.
കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചു എന്നായിരുന്നു മീഡിയ വൺ ചാനൽ ചർച്ചയ്ക്കിടെ ഐഷ സുൽത്താനയുടെ പരാമർശം. കൊവിഡിനെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ഒരു ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന് ഐഷ സുൽത്താനയുടെ പരാമർശത്തിനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി പരാതികൾ നൽകിയിരുന്നു.
ലക്ഷദ്വീപിലെ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ പരാതി പോകുകയും കോടതി അത് തള്ളുകയും ചെയ്തിരുന്നു. ഇത് അറിഞ്ഞു വെച്ചു കൊണ്ട് ഐഷ നടത്തിയ പരാമർശം മത- സാമുദായിക സ്പർദ്ധ വളർത്തുന്നതും നീതിന്യായ വ്യവസ്ഥയെയും നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും അട്ടിമറിക്കാൻ ലക്ഷ്യം വെച്ചിട്ടുള്ളതുമാണെന്ന് യുവമോർച്ച ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന ഇത്തരം പ്രസ്താവനകൾ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും യുവമോർച്ച പരാതിയിൽ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ യുക്തമായ വകുപ്പുകൾ ചേർത്ത് ഐഷക്കെതിരെ കേസ് എടുക്കുമെന്നാണ് വിവരം. രാജ്യദ്രോഹ പരാമർശം സംപ്രേക്ഷണം ചെയ്യുന്നതും തടയാതിരിക്കുന്നതും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം കുറ്റകരമാണ്. ഇതോടെയാണ് നിഷാന്ത് റാവുത്തറിനെതിരെയും അന്വേഷണത്തിന് കളമൊരുങ്ങിയത്.
Discussion about this post