തിരുവനന്തപുരം: മദ്യവും പെട്രോളിയവും മാത്രമാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളെന്നും ഇവയിൽ നിന്നും കിട്ടുന്ന അധിക നികുതി നിലവിൽ വേണ്ടെന്ന് വെക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിക്ക് കീഴിൽ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ലിറ്റർ പെട്രോളിന് സംസ്ഥാന നികുതിയായി ലഭിക്കുന്നത് 22 രൂപയും ഡീസലിന് 19 രൂപയുമാണ്. ഇന്ധന നികുതിയായി സംസ്ഥാന സർക്കാരിന് കിട്ടുന്നത് 16,998 കോടി രൂപയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിൽപ്പന നികുതിയിലൂടെ മാത്രം സംസ്ഥാന സർക്കാരിന്റെ അധിക വരുമാനം പന്ത്രണ്ടായിരം കോടി രൂപയാണെന്ന് ഷംസുദ്ധീൻ എം എൽ എ നിയമസഭയിൽ ചൂണ്ടിക്കാട്ടി. ഈ അധിക വരുമാനം വേണ്ടെന്ന് വെക്കുകയോ പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിക്ക് കീഴിൽ കൊണ്ടു വരുന്നതിനെ പിന്തുണയ്ക്കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധിക നികുതി വരുമാനം വേണ്ടെന്ന് വെച്ചാൽ ഒരു ലിറ്റർ പെട്രോൾ 70 രൂപയ്ക്കും ഡീസൽ 66 രൂപയ്ക്കും നൽകാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ സംസ്ഥാനം കൊവിഡ് പ്രതിസന്ധിയിലാണെന്നും മദ്യനികുതിയും പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയും മാത്രമാണ് നിലവിൽ സംസ്ഥാനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗങ്ങളെന്നും ഇവ വേണ്ടെന്ന് വെച്ചാൽ ശമ്പള പരിഷ്കരണം പോലുള്ള നടപടികളെ ബാധിക്കുമെന്നുമായിരുന്നു ധനമന്ത്രിയുടെ മറുപടി.
Discussion about this post