കുവൈത്ത് സിറ്റി: സ്വകാര്യ ആശുപത്രികളുടെ അഭ്യര്‍ഥനയെ തുടർന്ന് കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രവേശവിലക്കില്‍ ഇളവ് വരുത്തി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു തൊഴില്‍ വിസ അനുവദിക്കാന്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, സാങ്കേതിക വിദഗ്‌ധര്‍, ഭരണ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക് വൈകാതെ വിസ അനുവദിക്കും.
സ്വദേശത്തേക്ക് പോയി മടങ്ങാനാകാതെ വന്ന സൂപ്പര്‍മാര്‍ക്കറ്റ് അടക്കമുള്ളവയിലെ ജീവനക്കാര്‍ക്കും മടങ്ങിയെത്താന്‍ അനുമതി നല്‍കണമെന്നു കുവൈത്ത് മന്ത്രിസഭയോട് ഫെഡറേഷന്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
കുവൈത്ത് താമസ വിസയുള്ള വിദേശികള്‍ക്ക് ഓഗസ്‌റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. കുവൈത്ത് അംഗീകരിച്ച ഫൈസര്‍, ആസ്‌ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി.
കോവിഡ് രൂക്ഷമായതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഏഴിനാണു വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13 നു വിദേശ രാജ്യങ്ങളില്‍നിന്നുള്ള കൊമേഴ്‌സ്യല്‍ വിമാന സര്‍വീസിനും വിലക്ക് വന്നു. അയല്‍രാജ്യങ്ങളിലെത്തി 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞശേഷമാണു പലരും കുവൈത്തിലെത്തിയിരുന്നത്. ഇപ്പോളുള്ള ഈ തീരുമാനം പതിനായിരക്കണക്കിനു ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും.













Discussion about this post