രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ സ്വൈരജീവിതത്തിനും ഭീഷണിയായി കേരളത്തിൽ മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നു. ഭരണകക്ഷി നേതാക്കളുടെ പിൻബലത്തോടെ നടത്തപ്പെടുന്ന ഇടപാടുകൾ പുറത്താവുന്നതോടെ ജനങ്ങൾ കടുത്ത ആശങ്കയിലാകുകയാണ്. വിഷയത്തിൽ പൊലീസിന്റെ നിസ്സഹായാവസ്ഥയും മുഖ്യധാരാ മാധ്യമങ്ങൾ പുലർത്തുന്ന നിസ്സംഗതയും നിഷ്പക്ഷ സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്.
സ്വർണ്ണക്കടത്തിന്റെ പേരിൽ രാമനാട്ടുകരയില്‍ അഞ്ചു പേരുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായി ദിവങ്ങൾ കഴിഞ്ഞതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. രാമനാട്ടുകര സംഭവവുമായി ബന്ധപ്പെട്ട് ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ സ്വര്‍ണ്ണ കവര്‍ച്ചാ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ചെര്‍പ്പുളശേരി സ്വദേശിയായ സുഫിയാന്‍ എന്നയാളാണ് കവര്‍ച്ചാ സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെന്നാണ് വിവരം. ഈ കവര്‍ച്ചയ്ക്കായി ടിഡിവൈ എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ സലീമിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
നേരത്തെ ഒരു കോടി 11 ലക്ഷം രൂപ വില വരുന്ന 2 കിലോ 330 ഗ്രാം സ്വര്‍ണ്ണവുമായി മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് പിടിയിലായിരുന്നു.
അതിനിടെ കണ്ണൂർ സ്വർണ്ണക്കടത്തിന് പിന്നിലെ സിപിഎം ബന്ധം മറനീക്കി പുറത്തു വന്നിരുന്നു. രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘത്തിൽ സൈബർ സഖാക്കളായ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും സംശയിക്കപ്പെടുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കസ്റ്റംസ് സംഘം കഴിഞ്ഞ ദിവസം അർജുൻ ആയാങ്കിയുടെ അഴീക്കോട്ടെ വീട്ടിലെത്തിയിരുന്നു. സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകങ്ങൾക്കും സംഘർഷങ്ങൾക്കും ക്വട്ടേഷനെടുത്ത ഗുണ്ടാസംഘങ്ങൾ ഇപ്പോൾ സ്വർണക്കടത്തിനും മദ്യക്കടത്തിനും ക്വട്ടേഷൻ ഏറ്റെടുക്കുകയാണെന്ന് വിവരം. പാർട്ടിയുടെ മേലങ്കിയും നേതാക്കളുടെ പിന്തുണയും കൂടി ലഭിക്കുന്നതോടെ ഇവരുടെ പ്രവർത്തനങ്ങൾ നിയമങ്ങളെ നോക്കുകുത്തിയാക്കി വളരുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. കണ്ണൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന അർജുൻ ആയങ്കിയും ഇയാളും സുഹൃത്തുക്കളാണ്.
അതിനിടെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സൈബർ പോരാളി അർജുൻ ആയാങ്കിയുടെ ഭീഷണി സന്ദേശം പുറത്ത് വന്നിരുന്നു. കബളിപ്പിച്ചാൽ ജീവിക്കാനനുവദിക്കില്ല. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി.
മാഹിയിലേയും പാനൂരിലേയും പാർട്ടിക്കാർ തനിക്ക് പിറകിലുണ്ട്. നാട്ടിൽ കാലുകുത്താൻ അനുവദിക്കില്ല, നിന്നെ കൊണ്ട് തീറ്റിക്കില്ലെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു. കൂടാതെ കരിപ്പൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിന്റെ മാസ്റ്റർ പ്ലാൻ വിശദീകരിക്കുന്ന ശബ്ദരേഖയും പുറത്തു വന്നു. വാട്സാപ്പ് ഗ്രൂപ്പിലൂടെ കൈമാറിയ ശബ്ദരേഖയിലെ വിവരങ്ങളാണ് പുറത്തു വന്നത്. സ്വർണം കടത്തേണ്ട രീതിയും കൈമാറേണ്ടതാർക്കെന്ന വിവരവും ശബ്ദരേഖയിൽ അർജുൻ വിശദീകരിക്കുന്നുണ്ട്.
സ്വർണ്ണം കടത്താൻ ഉപയോഗിച്ച കാർ ഡി വൈ എഫ് ഐ നേതാവിന്റേതാണ് എന്ന് കണ്ടെത്തിയിരുന്നു. ഡി വൈ എഫ് ഐ ചെമ്പിലോട് മേഖല സെക്രട്ടറി സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാഹനം രജിസ്റ്റർ ചെയ്യാൻ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ അർജുൻ ആയാങ്കിയുടേതാണ്.
നിലവിൽ പണമിടപാട് സംഘങ്ങളുമായി ബന്ധപ്പെട്ട് കാണാതായവരെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയുള്‍പ്പെട്ട പഴയ കേസും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
നാദാപുരത്തും വടകരയിലും അടുത്തിടെ ചില പ്രവാസികളെ തട്ടിക്കൊണ്ടു പോയ കേസുകളിലും ദുരൂഹതയുണ്ട്. നോട്ട് നിരോധനത്തിന് ശേഷം കേരളത്തിൽ സ്വർണ്ണക്കടത്ത് വലിയ തോതിൽ കൂടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വലിയ തോതിൽ സ്വർണ്ണം പിടികൂടുന്ന സംഭവങ്ങൾ നിരവധിയാണ്.
Discussion about this post