തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് തലവേദനയാകുന്നു. സര്‍ക്കാര്‍ പട്ടികയിലെ കോവിഡ് മരണങ്ങള്‍ അറിയാന്‍ നിലവിൽ സാധാരണക്കാർക്ക് ഒരു മാർഗവുമില്ല.
അതേസമയം കോവിഡ് മരണപട്ടികയില്‍ ഇല്ലാത്തവര്‍ പരാതിപ്പെട്ടാല്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പരിശോധന എങ്ങനെ നടക്കുമെന്നതില്‍ അവ്യക്തത തുടരുകയാണ്.
കോവിഡ് വന്ന് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ നേരത്തെ തന്നെ നിർത്തിയിരുന്നു. ഇപ്പോള്‍ കോവിഡ് വെബ്സൈറ്റിലുള്ളത് വയസ്സ്, സ്ത്രീയോ പുരുഷനോ, ജില്ല എന്നീ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ്. ആശുപത്രികളില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ മരണവിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഈ കണക്കും സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കും വ്യത്യസ്തമാണ് എന്നതാണ് പ്രശ്നം.
വൻ വിവാദങ്ങൾക്കൊടുവിലാണ് കൊവിഡ് മരണം തീരുമാനിക്കുന്നത് സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയില്‍ നിന്ന് ജില്ലാ തലത്തിലേക്ക് മാറ്റിയത്. നിലവില്‍ ജില്ലാ തല കമ്മിറ്റിയാണ് കൊവിഡ് മരണം തീരുമാനിക്കുന്നത്. എന്നാൽ ചികിത്സിക്കുന്ന ഡോക്ടര്‍ തന്നെ മരണകാരണം നിര്‍ണയിച്ച് രേഖ നല്‍കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.
കേരളത്തിൽ കൊവിഡ് മൂലം മരണപ്പെട്ട പലരുടെയും മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം രേഖപ്പെടുത്തിയിട്ടില്ലെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്. ഇപ്രകാരം കൊവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന വിമർശനം ശക്തമാണ്.
കൊവിഡ് അനബന്ധ മരണം പോലും കൊവിഡ് മരണമായി പരിഗണിക്കണമെന്നാണ് നിലവിൽ വന്നിരിക്കുന്ന നിർദേശം. ഇതാണ് കേരളത്തെ കുഴപ്പിക്കുന്നത്.
Discussion about this post