കുമ്പള: മൊബൈൽ കമ്പനിയുടെ കസ്റ്റമർ സർവീസിൽ നിന്നാണെന്ന് സന്ദേശം അയച്ച് യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 18,000 രൂപ തട്ടി. കുമ്പള സ്വദേശിനി നഫീസയ്ക്കാണ് പണം നഷ്ടമായത്. യുവതിയുടെ പരാതിയിൽ കേസെടുത്ത കുമ്പള പൊലീസ് സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണം തുടങ്ങി.
ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ മൊബൈൽ കമ്പനിയുടെ പേരിൽ ഫോണിലേക്ക് ഒരു സന്ദേശം വന്നിരുന്നു. താങ്കളുടെ സിം കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്നും ഉടൻ സന്ദേശം എത്തിയ 8250952988 എന്ന നമ്പറിലേക്ക് വിളിക്കണമെന്നും ഇല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ സിം പ്രവർത്തനരഹിതമാകും എന്നുമായിരുന്നു സന്ദേശം. ഈ നമ്പറിലേക്ക് വിളിച്ചപ്പോൾ ഉടൻ റീചാർജ് ചെയ്യണമെന്നും മറ്റൊരു മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ഒരു മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സ്ക്രീൻ മറ്റൊരാളുടെ മൊബൈലിലോ കമ്പ്യുട്ടറിലോ കാണാനും കൈകാര്യം ചെയ്യാനും സൗകര്യം നൽകുന്ന ആപ്ലിക്ലേഷനായിരുന്നു ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം അറിയാതെ യുവതി ആപ്പ് ഡൗൺലോഡ് ചെയ്തു. തുടർന്ന് അയാളുടെ നിർദേശപ്രകാരം യുവതി ഓൺലൈൻ റീചാർജിനു വേണ്ടി ശ്രമിക്കവെ ഒ ടി പി ഉപയോഗിച്ച് പണം പിൻവലിക്കുകയായിരുന്നു. മൊബൈൽ ആപ്പ് ഉപയോഗിച്ച് നെറ്റ്ബാങ്കിംഗ് അക്കൗണ്ടും പാസ്‌വേഡും, ഒ.ടി.പിയടക്കമുള്ള വിവരങ്ങളും ചോർത്തിയാണ് കവർച്ച എന്ന് സംശയിക്കുന്നു.
തട്ടിപ്പിന് പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും മൊബൈൽ സേവനദാതാക്കളും പറയുന്നു. സന്ദേശം അവഗണിച്ചാൽ തുടർന്ന് സിം കട്ടായി പോകുമെന്ന ഭയമാണ് പലരെയും ചതിയിൽ ചാടിക്കുന്നത്.
Discussion about this post