തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവ് ബിജു കരീമിന്റെ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്. കേസിലെ രണ്ടാം പ്രതിയും സിപിഎം പൊറത്തിശേരി ലോക്കൽ കമ്മിറ്റി മുൻ ഭാരവാഹിയുമായ ബിജു കരീം കരുവന്നൂർ ബാങ്കിൽ ഒരേ തസ്തികയിൽ ജോലിചെയ്തത് 16 കൊല്ലം. 2003 മുതൽ 2019 വരെ ഇയാളായിരുന്നു മാനേജർ.
ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ബിജു വ്യാജപേരുകൾ ചമച്ച് തരപ്പെടുത്തിയത് 26 കോടി രൂപയുടെ വായ്പയാണ്. പാർട്ടിയുടെ ഇഷ്ടക്കാർക്കും മറ്റുമായി 379 വായ്പകൾ മാനദണ്ഡങ്ങൾ പാലിക്കാതെ ഇയാൾ അനുവദിച്ചു. എല്ലാ തട്ടിപ്പിലും ഇയാളുടെ പങ്കു വ്യക്തമായിട്ടും പാർട്ടിയുടെ ബലത്തിൽ 2019 വരെ ഇയാൾ മാനേജരായി തുടർന്നു.
ബിജു കരീമിന്റെയും സി.കെ. ജിൽസിന്റെയും ഭാര്യമാർ ചേർന്നാരംഭിച്ച സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തതു മുൻമന്ത്രി എ.സി. മൊയ്തീനായിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ മൊയ്തീൻ അംഗമായിരിക്കെ ഒന്നര വർഷം മുൻപായിരുന്നു സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം. ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജുവും നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു.
ബിജുവിനെതിരായ അഴിമതി ആരോപണങ്ങൾ സജീവമായി നിലനിൽക്കുന്ന സമയത്തായിരുന്നു ഉദ്ഘാടനം. ബിജുവിനെതിരെ പാർട്ടിക്കുള്ളിൽ പരാതി പറഞ്ഞ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി ഈ ഉദ്ഘാടനച്ചടങ്ങ് കാണാൻ പോയിരുന്നു. മന്ത്രി മടങ്ങിയതിനു ശേഷം ബ്രാഞ്ച് സെക്രട്ടറിയെ രഹസ്യമായി അടുത്തേക്കു വിളിച്ചുവരുത്തിയ പ്രതി, വധഭീഷണി മുഴക്കിയതായി പരാതി ഉയർന്നിരുന്നു. പാർട്ടി ഇടപെട്ട് ഇതും ഒതുക്കുകയായിരുന്നു.
ബാങ്കിൽ നിന്ന് തട്ടിയെടുത്ത പണം പ്രതികൾ വലിയ കമ്പനികളിൽ നിക്ഷേപിച്ചിരിക്കുകയാണ് എന്നാണ് വിവരം.













Discussion about this post