പാലാ: ‘മുയലുകളെ പോലെ പെറ്റുകൂട്ടകയല്ല, ഉത്തരവാദിത്തത്തോടെ കുട്ടികളെ വളര്‍ത്താനാണ് കത്തോലിക്കര്‍ ശ്രദ്ധിക്കേണ്ടത്’. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സീറോ മലബാര്‍ പാല രൂപതയുടെ നടപടി വിവാദത്തിലായതിന് പിന്നാലെ ചര്‍ച്ചയായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ പ്രസ്താവന.
2015ല്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തെ എതിര്‍ത്ത ഫ്രാന്‍സിസ് പാപ്പ സഭ അംഗീകരിക്കുന്ന സ്വാഭാവിക രീതികളാണ് കുടുംബാസൂത്രണത്തിന് സ്വീകരിക്കേണ്ടതെന്നും പറഞ്ഞിരുന്നു.
‘നല്ല കത്തോലിക്കനാകാന്‍ മുയലുകളെ പോലെ പെറ്റുകൂട്ടേണ്ടതില്ല, ഉത്തരവാദിത്തബോധമുള്ള മാതാപിതാക്കളായി നല്ല രീതിയില്‍ കുട്ടികളെ വളര്‍ത്തുകയാണ് വേണ്ടത്. സഭ അംഗീകരിക്കുന്ന മാര്‍ഗങ്ങളിലൂടെ കുടുംബാസൂത്രണം നടപ്പിലാക്കാനാണ് ദമ്പതികള്‍ ശ്രദ്ധിക്കേണ്ടത്.
ഏഴ് സിസേറിയന്‍ പ്രസവത്തിന് ശേഷം എട്ടാമതും ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീയെ കണ്ടിരുന്നു. തികച്ചും നിരുത്തരവാദപരമായ കാര്യമാണത്. ദൈവത്തില്‍ വിശ്വാസമുണ്ടെന്നും ദൈവം രക്ഷിക്കുമെന്നുമൊക്കെ ആ സ്ത്രീ പറഞ്ഞേക്കാം. പക്ഷെ, ഉത്തരവാദിത്തബോധത്തോടെ പെരുമാറാനുള്ള മാര്‍ഗങ്ങളും ദൈവം കാണിച്ചു തന്നിട്ടുണ്ട്,’ ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു.
രണ്ടായിരത്തിനു ശേഷം വിവാഹിതരായ, അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് പാലാ രൂപത ഫാമിലി അപോസ്തലേറ്റ് വഴി പ്രതിമാസം 1500 രൂപയുടെ സാമ്പത്തിക സഹായം, ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ എന്‍ജിനീയറിങ് കോളജില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം, ആശുപത്രി സൗകര്യങ്ങള്‍ തുടങ്ങിയവയായിരുന്നു പാലാ രൂപതയുടെ കുടുംബവര്‍ഷം 2021-ന്റെ ലഘുലേഖയില്‍ പറഞ്ഞിരുന്നത്.
Discussion about this post