ഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാക് ചാരസംഘടനയായ ഐ എസ് ഐ വിപുലമായ പദ്ധതി തയ്യാറാക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഇതിനായി പാക് അധീന കശ്മീരിൽ ഭീകരർക്കായി കണ്ട്രോൾ റൂമുകൾ തുറന്നതായാണ് വിവരം. സ്വാതന്ത്ര്യ ദിനത്തിൽ ജമ്മു കശ്മീരിൽ ആക്രമണം നടത്തുകയാണ് ലക്ഷ്യം.
നിരവധി ഭീകര സംഘടനകളെ സംയോജിപ്പിച്ച് ആക്രമണം നടത്താനാണ് ഐ എസ് ഐയുടെ നീക്കം. നിരോധിത ഭീകര സംഘടനകളായ ലഷ്കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ്, അൽ ബദർ എന്നിവയുടെ ഉന്നത നേതാക്കൾ ഇതിനായി രഹസ്യ യോഗം ചേർന്നതായും റിപ്പോർട്ടുണ്ട്.
നിയന്ത്രണ രേഖക്ക് സമീപത്തെ എട്ട് റൂട്ടുകൾ നുഴഞ്ഞു കയറ്റത്തിനായി ഭീകരർ തെരഞ്ഞെടുത്തതായാണ് വിവരം. പ്രദേശത്ത് പാകിസ്ഥാൻ 27 പുതിയ ലോഞ്ച് പാഡുകൾ തയ്യാറാക്കിയിരിക്കുകയാണെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇവിടങ്ങളിൽ ജൂൺ മാസം മുതൽ 146 ഭീകരർ പരിശീലനം നേടുന്നതായാണ് റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ ഇന്ത്യൻ സുരക്ഷാ സേന അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സേന സുസജ്ജമാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
Discussion about this post