ഡൽഹി: രാജ്യത്തെ മുഖ്യധാരാ ഇടതുപക്ഷ പാർട്ടികളായ സിപിഎമ്മിനും സിപിഐക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. രാജ്യത്തെ സുപ്രധാനമായ വിദേശ കരാറുകൾ അട്ടിമറിക്കാന്‍ ചൈന ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്നാണ് തന്റെ പുതിയ പുസ്തകമായ “ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ”യിൽ വിജയ് ഗോഖലെ വെളിപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ഇടത് പാർട്ടികൾക്ക് ചൈനയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഇടത് നേതാക്കളെ ഉപയോഗിച്ച് ചൈന യുപിഎ സർക്കാരിൽ ഇടപെടലുകൾ നടത്തിയെന്നും വിജയ് ഗോഖലെ വെളിപ്പെടുത്തുന്നു. 2007 -2008ലെ യുപിഎ ഭരണകാലത്തെ ചില സംഭവവികാസങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഗോഖലെ ഇടത് പാർട്ടികളെ തുറന്നു കാട്ടുന്നത്. ഇന്ത്യയും അമേരിക്കയുമായുള്ള കരാറുകളിൽ ചൈനയ്ക്ക് ആശങ്കയുണ്ടായിരുന്നു. ഈ കരാറുകൾക്കെതിരെ ആഭ്യന്തര എതിര്‍പ്പുയര്‍ത്താന്‍ ചൈന ഇന്ത്യയിലെ ഇടതുപാര്‍ട്ടികളെ ഉപയോഗിച്ചെന്നാണ് പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
യുപിഎ ഭരണകാലത്ത് ചൈന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായ ഇടപെട്ടത് തെളിവുകൾ സഹിതമാണ് ഗോഖലെ വിശദീകരിക്കുന്നത്. കരാറുകൾ അട്ടിമറിക്കാൻ ഇടതുമാധ്യമങ്ങളെയും ചൈന ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചികിത്സയ്‌ക്കോ യോഗങ്ങളില്‍ പങ്കെടുക്കാനോ ചൈനയില്‍ പോകുന്നതിന്റെ മറവിലാണ് ഇടത് നേതാക്കൾ ചൈനയുമായി രഹസ്യ ബന്ധം സ്ഥാപിച്ചതെന്നും പുസ്തകത്തിൽ വിശദീകരിക്കുന്നു.
ചൈനയുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലും സിപിഎമ്മും സിപിഐയും ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചു. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎസര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്നു. യുപിഎ സര്‍ക്കാരില്‍ ഇടതുപാര്‍ട്ടികള്‍ക്കുള്ള സ്വാധീനം മനസ്സിലാക്കിയാണ് ചൈന ഇടപെടല്‍ നടത്തിയതെന്നും വിജയ് ഗോഖലെ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചൈന നടത്തിയ ഓപ്പറേഷനായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Discussion about this post