തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്ത് പി.ജി. ഡോക്ടര്‍മാര്‍ അനിശ്ചികാല സമരത്തിലേക്ക്. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെയാണ് സമരം ആരംഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ സമരം തുടങ്ങുമെന്ന് പി.ജി. ഡോക്ടര്‍മാരുടെ സംഘടനയായ കെ.എം.പി.ജി.എ. വ്യക്തമാക്കി
സമാനമായ വിഷയം ഉന്നയിച്ച് ഇന്ന് സൂചനാ സമരം നടത്തുകയാണ് പി.ജി. ഡോക്ടര്‍മാര്‍. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമോ നടപടിയോ കൈക്കൊണ്ടിട്ടില്ല. തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമ്പോള്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളേയും ബാധിക്കും. സമരം പ്രഖ്യാപിച്ച പി.ജി. ഡോക്ടര്‍മാരുമായി ഇനി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് അറിയേണ്ടത്.
സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പ്രതിഷേധം അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ അക്രമം കാണിക്കുന്നവരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള കടുത്ത നടപടിയിലേക്ക് പോകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
Discussion about this post