കൊല്ലം: ശുംഭന് പിന്നാലെ കോടതിയിൽ പുതിയ മലയാള വ്യാഖ്യാനം ഒരുങ്ങുന്നു. കുണ്ടറയിൽ എൻസിപി നേതാവ് യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതി ഒത്തുതീർക്കാൻ ഇടപെട്ടെന്ന വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രന് അനുകൂലമായി സംസ്ഥാന സർക്കാരിന് ജില്ലാ ഗവ. പ്ലീഡർ ആർ. സേതുനാഥൻപിള്ള നൽകിയ നിയമോപദേശമാണ് വാർത്തയാകുന്നത്.
സംഭവം ‘നല്ലനിലയിൽ പരിഹരിക്കണ’മെന്നു പരാതിക്കാരിയുടെ അച്ഛനോടു മന്ത്രി ഫോണിൽ പറഞ്ഞത് ഒത്തുതീർപ്പുശ്രമമോ ഭീഷണിയോ അല്ലെന്നു മലയാളം- ഇംഗ്ലിഷ് നിഘണ്ടുവിലെ വാക്കുകൾ ഉദ്ധരിച്ചാണ് ജില്ലാ ഗവ. പ്ലീഡർ ശാസ്താംകോട്ട ഡിവൈഎസ്പി പിക്ക് നിയമോപദേശം നൽകിയിരിക്കുന്നത്.
‘നല്ലപോലെ’ എന്നതിനു നല്ലവണ്ണം, ശരിയായിട്ട്, വേണ്ടതുപോലെ എന്നും ‘പരിഹരിക്കുക’ എന്ന വാക്കിനു നിവൃത്തി വരുത്തുക, കുറവു തീർക്കുക എന്നുമാണു നിഘണ്ടുവിൽ അർഥം കാണുന്നതെന്നാണ് വ്യാഖ്യാനം. എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി. പത്മാകരൻ കയ്യിൽ കയറിപ്പിടിച്ച് അപമാനിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി ഒത്തുതീർക്കാൻ മന്ത്രി ഇടപെട്ടെ കേസിൽ നിലവിൽ അന്വേഷണം നടക്കുകയാണ്.
ജഡ്ജിയെ ‘ശുംഭൻ‘ എന്ന് വിളിച്ച സിപിഎം നേതാവ് ജയരാജന്റെ കേസിൽ ശുംഭൻ എന്ന വാക്കിന് ശോഭിക്കുന്നവൻ എന്നാണ് അർത്ഥമെന്ന വ്യാഖ്യാനം നിരവധി ട്രോളുകൾക്കും ചർച്ചകൾക്കും വഴി വെച്ചിരുന്നു. ആ വഴിക്കാണ് പുതിയ നിയമോപദേശവും ട്രോളന്മാർ കാണുന്നത് എന്നതിന്റെ സൂചനകൾ സാമൂഹിക മാധ്യമങ്ങളിൽ വന്നു കഴിഞ്ഞു.
Discussion about this post