കബൂൾ: അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം കബൂൾ വിമാനത്താവള കവാടത്തിൽ നിന്നും ഒഴിയാൻ കബൂളിലെ അമേരിക്കൻ എംബസി നിർദേശം നൽകി. കബൂൾ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. വിമാനത്താവളത്തിന്റെ മൂന്ന് കവാടങ്ങൾക്ക് സമീപത്ത് നിന്നും ഒഴിഞ്ഞു നിൽക്കാനാണ് നിർദേശം.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ നിന്നും ഇപ്പോഴും അമേരിക്കൻ പൗരന്മാർക്ക് ഭീഷണി നിലനിൽക്കുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അമേരിക്കൻ അധികൃതർ പുറത്തു വിടുന്നില്ല. മുഴുവൻ അമേരിക്കൻ ഉദ്യോഗസ്ഥരും ഓഗസ്റ്റ് 31ന് മുൻപായി രാജ്യം വിടണമെന്ന താലിബാൻ അന്ത്യശാസനം നിലനിൽക്കുന്ന സാഹചര്യത്തിൽ 1500 ഓളം അമേരിക്കൻ പൗരന്മാർ കബൂൾ വിമാനത്താവളത്തിന് ചുറ്റും തിങ്ങിക്കൂടിയിരിക്കുന്നതായാണ് വിവരം.
സമാനമായ ജാഗ്രതാ നിർദേശം ബ്രിട്ടീഷ്, ഓസ്ട്രേലിയൻ പൗരന്മാർക്കും അതത് രാജ്യങ്ങൾ നൽകിയിട്ടുണ്ട്. താലിബാൻ അധികാരം പിടിച്ചതോടെ മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടാൻ കാത്ത് പതിനായിരത്തോളം അഫ്ഗാൻ പൗരന്മാരും കബൂൾ വിമാനത്താവളത്തിന് പുറത്ത് തിങ്ങിക്കൂടിയിരിക്കുകയാണ്.
Discussion about this post