തിരുവനന്തപുരം : കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന എതിര്‍ പാര്‍ട്ടിക്കാരുടെ ആക്ഷേപങ്ങള്‍ ശരിവച്ചു കൊണ്ട് പാര്‍ട്ടിക്കുള്ളില്‍ കലഹം മൂര്‍ച്ഛിക്കവേ പാര്‍ട്ടിയോട് പിണങ്ങി ഇറങ്ങുന്ന നേതാക്കളെ ഞൊടിയിടയില്‍ സ്വന്തം പക്ഷത്തേയ്ക്ക് എത്തിക്കുകയാണ് സി പി എം. മുന്‍പെങ്ങുമില്ലാത്ത ഈ ജാഗ്രത സി പി എം സ്വീകരിക്കാന്‍ കാരണം കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്.
കേരളത്തില്‍ കോണ്‍ഗ്രസ് തളരുമ്പോൾ വളരുന്നത് ബി ജെ പി ആയിരിക്കും എന്ന് പരസ്യമായി പ്രചരണം നടത്തിയിരുന്നത് സി പി എം ആയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മേല്‍ സംഘി പരിവേഷം കല്‍പ്പിക്കുന്നതും പാര്‍ട്ടി സൈബര്‍ വിഭാഗത്തിന്റെ പ്രധാന ആയുധമാണ്. ഈ ഭീതി ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷങ്ങളുടെ ഹൃദയത്തില്‍ ഇടം നേടുക എന്ന ലക്ഷ്യമായിരുന്നു തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പു വരെ സി പി എം പയറ്റിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ നീക്കത്തിന് മയം വന്നു എന്ന് വേണം മനസിലാക്കാന്‍.
ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.പി.സി.സി മുന്‍ സെക്രട്ടറിയും നെടുമങ്ങാട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.എസ്. പ്രശാന്തിനെ പാര്‍ട്ടി പുറത്താക്കി മണിക്കൂറുകള്‍ക്കകം ഇടത് പാര്‍ട്ടിയില്‍ സ്ഥാനം നല്‍കിയത് സി പി എമ്മിന്റെ പുതിയ പദ്ധതിയായി കാണനാവും. ഇടത് പാര്‍ട്ടിയില്‍ എതിര്‍ ചേരിയില്‍ നിന്നും വരുന്ന ഒരാള്‍ക്ക് അര്‍ഹിച്ച സ്ഥാനം ലഭിക്കണമെങ്കില്‍ വലിയ കാലതാമസം ഉണ്ടാവാറുണ്ട്. സി പി എം അങ്ങോട്ടു പോയി ക്ഷണിച്ചു കൊണ്ട് വരുന്ന പതിവും സാധാരണയായി കാണാറില്ല. എന്നാല്‍ മണിക്കൂറുകള്‍ക്കകം പ്രശാന്തിന് ഇത്തരമൊരു സ്വീകരണം ഇടത് ചേരിയില്‍ നിന്നും ലഭിച്ചുവെങ്കില്‍ അത് കോണ്‍ഗ്രസിലെ അസംതൃപ്തര്‍ക്ക് നല്‍കുന്ന സന്ദേശം വ്യക്തവും കൃത്യതയുള്ളതുമാണ്.
കോണ്‍ഗ്രസ് വിട്ടയുടന്‍ പ്രശാന്തിനെ ഡി വൈ എഫ് ഐ നേതൃത്വം നടത്തിയ മിന്നല്‍ നീക്കങ്ങളിലൂടെയാണ് എ കെ ജി സെന്ററിന്റെ പടിചവിട്ടി ഓഫീസിലേക്ക് പ്രവേശിക്കാന്‍ അവസരം ഒരുക്കിയത്. അവിടെ പ്രശാന്തിനെ ചുവന്ന ഷാളണിയിച്ച് വരവേല്‍ക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ കാത്ത് നില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസും യു.ഡി.എഫും വിട്ട് ധാരാളം പേര്‍ ഇടതുപക്ഷത്തോടൊപ്പം വരുന്നുണ്ടെന്നും അങ്ങനെ വരുന്നവരെ സഹകരിപ്പിക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് പ്രശാന്തിനെ സ്വീകരിക്കുന്നതെന്നും വിജയരാഘവന്‍ ഈ സ്വീകരണ ചടങ്ങില്‍ പറഞ്ഞിരുന്നു. ഇന്ന് മുഖ്യമന്ത്രിയുമായി പ്രശാന്ത് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ ചര്‍ച്ചയുടെ ഫോട്ടോകളും ഇടത് പാര്‍ട്ടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
കോണ്‍ഗ്രസ് വിടുന്ന നേതാക്കള്‍ തങ്ങളിലേക്ക് എത്തുമെന്ന വിശ്വാസത്തില്‍ കാത്തിരുന്ന ബി ജെ പി നേതൃത്വത്തിനെ അമ്പരപ്പിച്ചു കൊണ്ടാണ് സി പി എം ഒരു മുഴം നീട്ടി എറിഞ്ഞിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള അവലോകനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ബി ജെ പിയുടെ വളര്‍ച്ച ആശങ്കപ്പെടുത്തുന്നതാണെന്ന ചര്‍ച്ച നടന്നിരുന്നു. സീറ്റുകള്‍ പിടിച്ചെടുക്കാനായില്ലെങ്കിലും ഒന്‍പത് ഇടത്ത് രണ്ടാം സ്ഥാനം ബി ജെ പി നേടിയത് നിസാരമായി കാണരുത് എന്ന മുന്നറിയിപ്പ് ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു. ഇതും കോണ്‍ഗ്രസിന്റെ തളര്‍ച്ചയെ കണ്ടിരിക്കാതെ അതില്‍ നിന്നും ബി ജെ പി നേട്ടമുണ്ടാക്കാതെ ഇടപെടാന്‍ സി പി എമ്മിനെ പ്രേരിപ്പിക്കുന്നു.
ദശാബ്ദക്കാലും ഇടത് പാര്‍ട്ടികളെ പരസ്യമായി കുറ്റം പറയുന്ന വലത് നേതാക്കള്‍ക്ക് ഒരു സുപ്രഭാതത്തില്‍ ഇടത് കൂടാരത്തില്‍ കയറാനുള്ള മടി മനസിലാക്കിയാണ് എല്‍ ഡി എഫ് സഖ്യ കക്ഷികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് എന്‍ സി പിയാണ്. പി സി ചാക്കോ, ലതിക സുഭാഷ് തുടങ്ങി കോണ്‍ഗ്രസ് വിട്ട നിരവധി മുതിര്‍ന്ന നേതാക്കള്‍ പുതിയ ഇടം കണ്ടെത്തിയത് എന്‍ സി പിയിലാണ്. മദ്ധ്യ കേരളത്തില്‍ ഈ ഉത്തരവാദിത്വം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റേതാണ്. പ്രധാനമായും തലമുതിര്‍ന്ന നേതാക്കളാണ് എന്‍ സി പിയില്‍ ചേരാന്‍ താത്പര്യം കാട്ടിയിട്ടുള്ളത്. പാലക്കാട് മുന്‍ എം.എല്‍.എയും മുതിര്‍ന്ന നേതാവും മുന്‍ ഡി.സി.സി പ്രസിഡന്റുമായ എ.വി.ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടതിന് ശേഷം എന്‍ സി പിയിലേക്ക് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Discussion about this post