തിരുവനന്തപുരം: കര്‍ഷക സമരത്തിന്റെ ഭാഗമായി രാജ്യത്ത് ഭാരത് ബന്ദ് ആചരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ ഇടത്, വലത് സംഘടനകള്‍ പിന്തുണയ്‌ക്കുന്ന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കൊവിഡ് ഉയര്‍ത്തിയ കനത്ത ആഘാതത്തില്‍ നിന്നും കരകയറാനുളള ശ്രമമാണ് കേരളത്തിലെ വിനോദ സഞ്ചാരമേഖല നടത്തുന്നത്. എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷം കൃത്യം ടൂറിസം ദിനത്തില്‍ തന്നെ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആ ശ്രമങ്ങള്‍ക്ക് രാഷ്‌ട്രീയ നേതൃത്വത്തില്‍ നിന്നും ഓര്‍ക്കാപ്പുറത്തൊരു തിരിച്ചടി കിട്ടിയിരിക്കുകയാണ്. ടൂറിസം ദിനത്തില്‍ തന്നെ ഹര്‍ത്താല്‍ നടത്തുന്നത് ഒഴിവാക്കേണ്ടതായിരുന്നെന്ന് ടൂറിസം മേഖലയിലെ വിദഗ്ദ്ധര്‍ സൂചിപ്പിക്കുന്നു.
2000 കോടിയ്‌ക്ക് മുകളിലാണ് ഒരു ദിവസത്തെ ഹര്‍ത്താലിലൂടെ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്‌ടം. ടൂറിസം, ഐടി, വ്യവസായ മേഖലകള്‍ക്ക് ഓരോ ഹര്‍ത്താലും തിരിച്ചടിയാണ്. 45,000 കോടിയാണ് ടൂറിസം വഴി 2019-20ല്‍ സംസ്ഥാനം പ്രതീക്ഷിച്ചത്. എന്നാല്‍ കൊവിഡ് ഒന്നാം തരംഗം മൂലം 35,000 കോടിയില്‍ വരുമാനം ഒതുങ്ങി. 2020-21ല്‍ 50,000 കോടി പ്രതീക്ഷിച്ചെങ്കിലും അതും കൊവിഡ് രണ്ടാംഘട്ട വ്യാപനത്തില്‍ തടസപ്പെട്ടു. ഇതിന്റെ 30-40 ശതമാനം വരെ വളര്‍ച്ച നേടുമെന്ന നടപ്പ് വര്‍ഷത്തെ പ്രതീക്ഷയ്‌ക്ക് ഓരോ പണിമുടക്കും, ഹര്‍ത്താലും മറ്റ് അനിഷ്‌ട സംഭവങ്ങളും മങ്ങലേല്‍പ്പിക്കുന്നു.
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പരസ്യവാചകമുളള കൊച്ചുകേരളത്തില്‍ സാദ്ധ്യതകള്‍ക്കനുസരിച്ച് ടൂറിസത്തെ ഉപയോഗിക്കുമെന്നാണ് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി പുതിയ മെച്ചപ്പെടുത്തിയ ടൂറിസം ആപ്പും, കാരവാന്‍ ടൂറിസവും ഇതുവരെ ആളുകള്‍ ചെന്നെത്താത്ത കേന്ദ്രങ്ങള്‍ കണ്ടെത്തി ആളുകളെ എത്തിക്കുന്ന പദ്ധതികളും കെഎസ്‌ആര്‍ടിസി ബസില്‍ സാഹിത്യ, ചരിത്ര, കലാ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന യാത്രകള്‍ക്കും, ഉപയോഗശൂന്യമായ ബസ് ടൂറിസം പദ്ധതികള്‍ക്ക് ഉപയോഗിക്കുമെന്നുമെല്ലാം മന്ത്രി നടത്തിയ പ്രഖ്യാപനത്തിലുണ്ട്. ഇത്തരത്തില്‍ സര്‍ക്കാരില്‍ നിന്ന് പ്രഖ്യാപനങ്ങള്‍ വരുമ്പോഴും നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ക്ക് മനസ് മാറുന്നില്ലെന്ന സന്ദേശമാണ് ടൂറിസം ദിനത്തിലെ ഹര്‍ത്താലിലൂടെ ലഭിക്കുന്നത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്ന ശേഷം അഭൂതപൂര്‍വമായ ടൂറിസ്‌റ്റുകളുടെ വരവുണ്ടായിട്ടും കൃത്യം ടൂറിസം ദിനത്തില്‍ തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് നടപ്പാക്കുന്നതിനെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദഗ്ദ്ധര്‍ വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. ലോക വിനോദസഞ്ചാര ദിനമാണെന്ന് സൂചിപ്പിക്കുന്ന കലണ്ടറിന്റെ ചിത്രം പങ്കുവയ്‌ക്കുന്ന ട്രോള്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌താണ് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പളളി പ്രതികരിച്ചത്. ടൂറിസം വികസനത്തിന് അടിസ്ഥാന സൗകര്യങ്ങളും റോഡുകളും വികസിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് നടന്‍ മോഹന്‍ലാല്‍ പ്രകടിപ്പിച്ചത്.
ടൂറിസം മേഖലയെ പ്രൊഫഷണലായി സമീപിക്കാത്തതാണ് കേരളത്തില്‍ മേഖലയുടെ തളര്‍ച്ചയ്‌ക്ക് കാരണമെന്നാണ് പ്രമുഖ സഞ്ചാരിയും വ്യവസായിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്നു.
Discussion about this post