ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് ക്യാപ്ടൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്ന് സൂചന. ഇതിന്‍റെ ഭാഗമായി ഡൽഹിയിലെത്തുന്ന അദ്ദേഹം വൈകീട്ട് 3.30ന് ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അമരീന്ദർ സിംഗ് അകൽച്ചയിലായിരുന്നു. അമരീന്ദറിനോട് കോൺഗ്രസ് നീതികേട് കാട്ടി എന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ പ്രബലമാണ്. രാഷ്ട്രീയം ഉപേക്ഷിക്കില്ല, കാത്തിരിക്കും, അവസരങ്ങൾ വിനിയോഗിക്കും എന്ന് മുഖ്യമന്ത്രി സ്ഥാനമൊഴിയവെ അമരീന്ദർ വ്യക്തമാക്കിയിരുന്നു.
ഒരു സൈനികൻ എന്ന നിലയിൽ തനിക്ക് ശുഭപ്രതീക്ഷയാണുള്ളതെന്നും വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ താൻ സജീവമായിരിക്കുമെന്നും അമരീന്ദർ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. അമരീന്ദർ സിംഗിനെ ഒപ്പം നിർത്തിയാൽ പഞ്ചാബ് പിടിക്കാൻ ബിജെപിക്ക് അനായാസം സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. അമരീന്ദറിന്റെ സംശുദ്ധമായ രാഷ്ട്രീയ വ്യക്തിത്വവും ദേശീയവാദ നിലപാടുകളും ബിജെപിയും ആർ എസ് എസുമായും ഒത്ത് പോകാൻ സാധ്യതയുള്ളതാണ്.
പഞ്ചാബിലെ ഹിന്ദുക്കൾക്കിടയിലും സ്വാധീനമുള്ള ശക്തനായ നേതാവാണ് അമരീന്ദർ സിംഗ്. അദ്ദേഹത്തിന്റെ സൈനിക പശ്ചാത്തലം, ദേശീയവാദ നിലപാടുകൾ, കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ബിജെപി അനുകൂല നിലപാടുകൾ, പാക് ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട്, സിദ്ധുവിന്റെ പാക് അനുകൂല നിലപാടുകളോടുള്ള പരസ്യമായ അതൃപ്തി, ഇവയൊക്കെ ബിജെപിയുമായി അമരീന്ദറിനെ അടുപ്പിക്കാൻ സാധ്യതയുള്ള പൊതു ഘടകങ്ങളായി വിലയിരുത്തപ്പെടുന്നവയാണ്.
Discussion about this post