വാളയാർ: വാളയാർ ഡാമിൽ അപകടത്തിൽ പെട്ട പൂർണ്ണേഷ്, ആന്റോ, സഞ്ജയ് കൃഷ്ണൻ എന്നീ മൂന്ന് വിദ്യാർഥികളുടേയും മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ കാമരാജ് നദർ ഷൺമുഖന്റെ മകനാണ് പൂർണേഷ്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളാണ് ആന്റോയും സഞ്ജയ് കൃഷ്ണയും.
ഇന്നലെ പകൽ ഒന്നരയോടെയാണ് അഞ്ചംഗ സംഘം വാളയാർ ഡാമിലെത്തിയത്. ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ സഞ്ജയ് കൃഷ്ണ ആദ്യം വെള്ളത്തിൽ മുങ്ങുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂർണേഷും ആന്റോ ജോസഫും അപകടത്തിൽ പെട്ടത്. കൂടുതൽ ആഴത്തിലേക്കിറങ്ങിയ മൂന്നുപേരും മണലെടുത്ത കുഴികളിൽ മുങ്ങിത്താഴുകയായിരുന്നു.
കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റും സ്കൂബ സംഘവും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ കണ്ടെത്താനായിരുന്നില്ല. മഴയുള്ള കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരുന്നു. ഇന്ന് രാവിലെ പൂർണേഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെ ആന്റോയുടെയും സഞ്ജയ് കൃഷ്ണയുടേയും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു.
കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക്ക് കോളജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ഒന്നാം വർഷ വിദ്യാർഥകളാണ് ഇവർ.
Discussion about this post