ഡൽഹി: താലിബാനെതിരെ ശക്തമായ നയതന്ത്ര നീക്കവുമായി ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഉൾപ്പെടെ തന്ത്രപ്രധാനമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഉടൻ ഇസ്രായേലിലേക്ക് തിരിക്കും. നാളെ ദുബായിലെത്തുന്ന അദ്ദേഹം ത്രിദിന സന്ദർശനത്തിനായി 19ന് ഇസ്രായേലിലേക്ക് തിരിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായ ആശയവിനിമയം നടത്തിയ ശേഷമാകും സന്ദർശനം.
ഇസ്രായേലിൽ രൂപീകരിക്കപ്പെടുന്ന പുതിയ സർക്കാരുമായും മികച്ച ബന്ധം പുലർത്തുന്നതിന്റെ കൂടി ഭാഗമായാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. അഫ്ഗാനിസ്ഥാനിലെയും മധ്യേഷ്യയിലെയും സ്ഥിതിഗതികൾ ജയ്ശങ്കർ യു എ ഇയുമായും ഇസ്രായേലുമായും ചർച്ച ചെയ്യും. യു എ ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിൽ ഇന്ത്യക്ക് നിർണായക സ്വാധീനമുള്ളതായി അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ജയ്ശങ്കർ സുഹൃദ് രാഷ്ട്രങ്ങളുടെ ശ്രദ്ധയിൽ പെടുത്തും. അഫ്ഗാനിസ്ഥാനിൽ ഉണ്ടായേക്കാനിടയുള്ള ഭക്ഷ്യക്ഷാമം ഇറാനെയും മധ്യേഷ്യയെയും എങ്ങനെ ബാധിക്കും എന്നതും ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.












