നൂതന ഇലക്ട്രോണിക് ഉപകരണങ്ങളുടേയും സംവിധാനങ്ങളുടേയും രൂപകല്‍പനയും കണ്ടുപിടുത്തവും ഏറുന്നതിനൊപ്പം പുനരുപയോഗസാധ്യതയില്ലാത്ത ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവും ഭൂമിയില്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. 2012-ല്‍ മാത്രം പുറന്തള്ളുന്ന ഇലക്ട്രോണിക്-ഇലക്ട്രിക് വേസ്റ്റിന്റെ അളവ് 57 മില്യണ്‍ ടണ്‍ (5.7 കോടി ടണ്‍)കവിയുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മനുഷ്യനിര്‍മ്മിതിയായ ചൈനയിലെ വന്‍മതിലിനേക്കാള്‍ മാലിന്യക്കൂമ്പാരം കവിയുമെന്നാണ് കണക്കുകൂട്ടല്‍.
ലോഹം, പ്ലാസ്റ്റിക്, ധാതുക്കള്‍ തുടങ്ങി പുനരുപയോഗിക്കാനാവാത്ത വസ്തുക്കളുടെ ആഗോളതലത്തിലുള്ള നിര്‍മാര്‍ജ്ജനം വന്‍വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സാധാരണയായി ഇത്തരം വസ്തുക്കള്‍ ഭൂമി നികത്തലിനുപയോഗിക്കുകയോ കത്തിക്കുകയോ ആണ് ചെയ്യുന്നത്. എന്നാല്‍ മാലിന്യത്തിന്റെ അളവ് വര്‍ധിക്കുന്നത് മാലിന്യസംസ്‌കരണം കൂടുതല്‍ ദുഷ്‌കരമാക്കുന്നു. ഇ-മാലിന്യങ്ങള്‍ പരമാവധി പുനരുപയോഗിക്കുന്നതിലൂടെ പുതിയ വിഭവങ്ങളുടെ ആവശ്യകത കുറയ്ക്കുക എന്ന നിര്‍ദേശമാണ് വെല്ലുവിളി തരണം ചെയ്യാനുള്ള മാര്‍ഗമായി വിദഗ്ധര്‍ പ്രധാനമായും മുന്നോട്ടു വെക്കുന്നത്.
അന്താരാഷ്ട്ര ഇ-വേസ്റ്റ് ദിനത്തോടനുബന്ധിച്ച് ആഗോളതലത്തിലെ വിദഗ്ധരുടെ സംഘംപുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് നാം നേരിടുന്ന ഭീഷണിയെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. 2014-2019 കാലയളവിനിടെ ഉത്പാദിപ്പിക്കപ്പെട്ട ഇ-മാലിന്യത്തിന്റെ അളവില്‍ 21 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2030 ഓടെ ഇ-മാലിന്യത്തിന്റെ അളവ് 7.4കോടി ടണ്ണാവുമെന്ന് വിദഗ്ധസംഘം മുന്നറിയിപ്പ് നല്‍കുന്നു. പ്രവര്‍ത്തനരഹിതമായ ഉപകരണങ്ങള്‍ പരമാവധി നന്നാക്കി ഉപയോഗിക്കുക, പാഴ് വസ്തുക്കള്‍ പുനരുപയോഗിക്കുക എന്നീ നിര്‍ദേശങ്ങള്‍ പാലിക്കാനും പ്രോത്സാഹിപ്പിക്കാനും ഫോറം ആവശ്യപ്പെട്ടു.
ഓരോ ടണ്‍ ഇ-മാലിന്യത്തിന്റെ പുനഃചംക്രമണത്തിലൂടെ രണ്ട് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉത്പാദനം കുറയ്ക്കാന്‍ സാധിക്കും, കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാനുള്ള നടപടി ഭരണകൂടങ്ങള്‍ കൈക്കൊള്ളണമെന്നും ലിറോയ് പറഞ്ഞു. പഠനത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പിലെ ഓരോ വീടുകളിലേയും 72 ഇലക്ട്രോണിക് ഉപകരണങ്ങളില്‍ 11 എണ്ണം ഉപയോഗിക്കാതിരിക്കുകയോ കേടുപാടു മൂലം പ്രവര്‍ത്തനരഹിതമായിരിക്കുകയോ ആണെന്ന് ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഏറ്റവും വേഗത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന മാലിന്യസ്രോതസ്സാണ് ഇ-മാലിന്യമെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷണര്‍ വെര്‍ജിനിജസ് സിങ്കെവിഷ്യസ് പറഞ്ഞു. ഈ വിഷയത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post