മുംബൈ: രാജ്യത്തെ ആദ്യത്തെ ‘റൂഫ് ടോപ് ഓപ്പൺ എയർ ഡ്രൈവ് ഇൻ തിയേറ്റർ’ മുംബൈയിൽ തുറന്നു. പകർച്ചവ്യാധികളെ ഭയക്കാതെ സ്വന്തം വാഹനത്തിനുള്ളിലിരുന്ന് വലിയ സ്‌ക്രീനിൽ സിനിമ കാണാൻ സൗകര്യമൊരുക്കുകയാണ് ഈ നവീനരീതി.
ബാന്ദ്ര കുർള കോംപ്ലക്സിൽ 17.5 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന റിലയൻസിന്റെ ജിയോ വേൾഡ് ഡ്രൈവിന്റെ മുകൾത്തട്ടിലാണ് ഡ്രൈവ് ഇൻ തിയേറ്റർ ഒരുക്കിയിട്ടുള്ളത്. പി.വി.ആർ. ലിമിറ്റഡിനാണ് തിയേറ്ററിന്റെ നടത്തിപ്പു ചമതല.
ഒരു സമയം 290 വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമുള്ള ഓപ്പൺ എയർ തിയേറ്ററിലെ സ്‌ക്രീനിന് 24 മീറ്റർ നീളവും 10 മീറ്റർ വീതിയുമുണ്ട്. കാറിലെ എഫ്.എം. സംവിധാനം വഴിയാണ് ശബ്ദം കേൾക്കുക. ഒരു കാറിന് 1,200 രൂപയാണ് ടിക്കറ്റ് നിരക്ക്.ഒരു വാഹനത്തിൽ നാലുപേരെയേ അനുവദിക്കൂ. കോവിഡ് പ്രതിരോധത്തിനുള്ള രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കുമാത്രമാണ് പ്രവേശനം. അക്ഷയ് കുമാർ നായകനായ സൂര്യവംശിയാണ് ഉദ്ഘാടന ചിത്രം.
Discussion about this post