ദുബായ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലും യുഎഇയിലും സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുമായി മ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ എല്ലാവരും വാക്സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യയിൽ ആഫ്രിക്കയിൽ നിന്നെത്തിയ സൗദി പൗരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളെയും ഇയാളുമായി സമ്പർക്കം പുലർത്തിയവരെയും ക്വാറന്റീൻ ചെയ്തു.
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പതിനാല് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് ഏർപ്പെടുത്തുന്നതിന് മുൻപ് സൗദിയിൽ എത്തിയതാവാം ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയെന്നാണ് സൂചന. ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഏത് അവസ്ഥയെയും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും അധികൃതർ അറിയിച്ചു.
Discussion about this post