ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയിലെ തെറിവിളിക്കെതിരായ ഹർജിയിൽ ഇടപെട്ട് കേരള ഹൈക്കോടതി. ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് കോടതി നിരീക്ഷിച്ചു. ചുരുളി ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷകയുടെ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം.
കേസിൽ കേന്ദ്ര സെൻസർ ബോർഡ്, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ജോജു ജോർജ് എന്നിവർ ഉൾപ്പടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. എന്നാൽ ‘ചുരുളി’ സെൻസർ ചെയ്ത സിനിമയല്ല എന്ന് കേന്ദ്ര സെൻസർ ബോർഡ് കോടതിയെ അറിയിച്ചു കഴിഞ്ഞു. ഇതോടെ സംവിധായകനും നടന്മാർക്കും ഉത്തരവാദിത്വം ഏൽക്കേണ്ടി വരും.
അടുത്തിടെ സോണി ലൈവിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചുരുളി അസഭ്യ വാക്കുകളുടെ അതിപ്രസരം നിറഞ്ഞ ചിത്രമാണ്. ‘മീശ‘ എന്ന നോവൽ എഴുതിയ എസ് ഹരീഷാണ് ചുരുളിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രം പൊതു ധാർമികതയ്ക്കു നിരക്കാത്ത അസഭ്യ വാക്കുകൾ കൊണ്ടു നിറഞ്ഞതാണ് എന്നാണ് ഹർജിക്കാരിയുടെ ആരോപണം. വിഷയം കൂടുതൽ രൂക്ഷമായതോടെ സെൻസർ ബോർഡ് വിശദീകരണവുമായി രംഗത്തു വന്നിരുന്നു. സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 എന്നീ കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ പ്രകാരം സിനിമയിൽ അവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ‘ചുരുളി’ക്കു നൽകിയത്. എന്നാൽ മാറ്റങ്ങൾ വരുത്താതെയാണ് സിനിമ ഒടിടിയിലൂടെ പുറത്തുവന്നതെന്നായിരുന്നു സെൻസർ ബോർഡ് വിശദീകരണം.
സിനിമയിലെ അസഭ്യ വാക്കുകൾ വിവിധ തലങ്ങളിൽ ചർച്ചയായിരുന്നു.
Discussion about this post