തിരുവനന്തപുരം: ഗ്യാസ് സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമി(32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച്ച രാവിലെ ആറരയോടുകൂടിയായിരുന്നു അപകടം ഉണ്ടാകുന്നത്.
രാവിലെ അടുക്കളയിലെത്തിയ സുമി ഫ്രഡ്ജ് തുറന്നപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ പൊള്ളലേറ്റ സുമിയെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ ആരോഗ്യ നില ഇന്ന് രാവിലെയോടെ വഷളാവുകയായിരുന്നു.
അപകടകാരണം കണ്ടെത്താനായി സുരക്ഷാ വിഭാഗം വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഗ്യാസ് സിലിണ്ടറില്‍ നിന്നും അടുപ്പിലേക്ക് ഘടിപ്പിച്ചിരുന്ന റബ്ബര്‍ ട്യൂബ് എലി കരണ്ടതായി പരിശോധനയില്‍ കണ്ടെത്തി. ഇതിലൂടെ ഗ്യാസ് ചോര്‍ന്നാണ് അപകടമുണ്ടായത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ റബ്ബര്‍ ട്യൂബുകള്‍ ഒഴിവാക്കി കട്ടിയുള്ള ട്യൂബുകള്‍ ഗ്യാസ് സിലിണ്ടറില്‍ ഘടിപ്പിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post