കോഴിക്കോട് തിക്കോടിയിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി നന്ദകുമാർ (30) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നന്ദകുമാറിന്റെ ആക്രമണത്തിൽ തിക്കോടി കാട്ടുവയൽ കൃഷ്ണപ്രിയ (23) കൊല്ലപ്പെട്ടിരുന്നു.
വെള്ളിയാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിനു മുന്നിൽവച്ചായിരുന്നു സംഭവം. തിക്കോടി പഞ്ചായത്തിലെ താൽകാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവാവ്, പിന്നീട് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
കൃഷ്ണപ്രിയയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൃഷ്ണപ്രിയ മരിച്ചു. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Discussion about this post