ബാഗ്ദാദ്: അമേരിക്കൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെടുന്ന സമയത്ത് മുൻ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുഴിക്കുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നില്ലെന്ന് ഇറാഖി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. അമേരിക്കൻ സൈന്യം പിടികൂടുന്ന സമയത്ത് സുബോധമില്ലാതെ പിച്ചും പേയും പറയുന്ന അവസ്ഥയിൽ സദ്ദാം മുറിക്കുള്ളിലായിരുന്നുവെന്ന് അമേരിക്കൻ സൈന്യത്തോടൊപ്പമുണ്ടായിരുന്ന ഇറാഖി ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
2003 ഡിസംബർ 13ന് അറസ്റ്റിലാകുന്ന സമയത്ത് സദ്ദാം ഒരു കൃഷിയിടത്തിലെ എട്ട് അടി ആഴമുള്ള കുഴിയിൽ ഒളിഞ്ഞിരിക്കുകയായിരുന്നു എന്നാണ് പെന്റഗൺ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇത് തെറ്റായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ.
അമേരിക്കൻ സേന മുറിക്കുള്ളിൽ കടക്കുമ്പോൾ സദ്ദാം പരമ്പരാഗത ഇറാഖി ശിരോവസ്ത്രമണിഞ്ഞ് നിസ്കരിക്കുകയായിരുന്നു. സദ്ദാമിന് കടക്കാൻ മാത്രമുള്ള വിസ്താരം പ്രസ്തുത കിടങ്ങിന് ഇല്ലായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറയുന്നു. എന്നാൽ ഈ വെളിപ്പെടുത്തലിനോട് അമേരിക്ക പ്രതികരിച്ചിട്ടില്ല.
Discussion about this post