തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരം പ്രമാണിച്ച് ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങൾ. രാത്രി പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. ആൾക്കൂട്ടങ്ങൾ ഒത്ത് ചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ല.
അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാകൂ. പുറത്ത് ഇറങ്ങുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം. ദേവാലയങ്ങൾക്കും നിയന്ത്രണം ബാധകമാണ്.
ഹോട്ടലുകളും റസ്റ്റോറൻറുകളും ബാറുകളും ക്ലബ്ബുകളും പത്ത് മണിയോടെ അടക്കണം. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ഇന്നലെ പിഴ അടക്കമുള്ള കടുത്ത നടപടികൾ മിക്കയിടങ്ങളിലും പൊലീസ് ഒഴിവാക്കിയിരുന്നെങ്കിലും, ഇന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച വരെയാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
രാത്രി പത്ത് മണിക്ക് ശേഷം കൂട്ടം ചേരാന്‍ പാടില്ലെന്ന നിർദ്ദേശത്തോടെ ഡിജെ പാര്‍ട്ടികള്‍ മിക്കയിടങ്ങളിലും ഉപേക്ഷിച്ചിട്ടുണ്ട്. ഡിജെ പാർട്ടിക്കിടെ ആരെങ്കിലും ലഹരി ഉപയോഗിച്ചാല്‍ ഹോട്ടല്‍ ഉടമകളെ കൂടി പ്രതി ചേര്‍ക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പാർട്ടികൾക്ക് മിക്ക ഹോട്ടലുകളും അനുമതി നൽകിയിട്ടില്ല. പുലര്‍ച്ചെ വരെ നീളുന്ന ആഘോഷങ്ങൾ നടക്കില്ലെന്ന് വന്നതോടെ വിദേശികളും ഇതരസംസ്ഥാനങ്ങളില്‍ന നിന്നുള്ള ടൂറിസ്റ്റുകളും കേരളത്തിലേക്കുള്ള സന്ദർശനം ഒഴിവാക്കി.
ബീച്ചുകള്‍ ,ഷോപ്പിംഗ് മാളുകള്‍. പാർക്കുകൾ, ക്ലബ്ബുകള്‍ എന്നിവിടങ്ങളിൽ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ച് ആഘോഷങ്ങള്‍ നിയന്ത്രിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. രാത്രി പത്ത് മണിക്ക് ശേഷം അതാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന നിർദേശം കർശനമായി പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതോടെ പുതുവത്സരാഘോഷങ്ങള്‍ വീടുകളില്‍ തന്നെ ഒതുക്കുകയാണ് മിക്കവരും.
Discussion about this post