മലപ്പുറം: നൃത്തം ചെയ്തതിന് മലപ്പുറത്ത് മഹല്ല് കമ്മിറ്റി ഊരുവിലക്കിയ മൻസിയ വിവാഹിതയായി. തൃശൂർ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് വരൻ.
മൻസിയയുടെ ആഗ്രഹ പ്രകാരം നൃത്തം അഭ്യസിപ്പിക്കാൻ വിട്ടതിനാണ് പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും മഹല്ല് കമ്മിറ്റി ഊരുവിലക്കിയത്. ഇസ്ലാമായ പെൺകുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്നായിരുന്നു മതമൗലികവാദികളുടെ നിലപാട്. തുടർന്ന് അതിക്രൂരമായി മൻസിയയോട് ഇവർ പെരുമാറി. ക്യാൻസർ ബാധിച്ച് മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ പോലും ഇവർ അനുവദിച്ചില്ല.
എന്നാൽ പിന്നീട് കലയെ ഉപാസിച്ച് തന്നെ ജീവിതം മുന്നോട്ട് കൊണ്ടു പോകാനായിരുന്നു മൻസിയയുടെ തീരുമാനം. കേരള കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായി ചേർന്ന മൻസിയ ആഗ്നേയ എന്ന പേരിൽ നൃത്ത വിദ്യാലയവും തുടങ്ങി.
ഇപ്പോഴും മൻസിയക്ക് ഇസ്ലാമിക മൗലികവാദികളുടെ ഭീഷണിയുണ്ട്. എന്നാൽ അതിനെയെല്ലാം അവഗണിച്ച് ധൈര്യപൂർവ്വം മുന്നോട്ട് പോകുന്ന മൻസിയയുടെ ജീവിതത്തിൽ പുതിയ അധ്യായം രചിക്കാൻ കൂട്ടായി എത്തിയിരിക്കുകയാണ് കലാകാരനായ ശ്യാം കല്യാൺ.
Discussion about this post