കോഴിക്കോട്: ഇടത് പക്ഷവുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ”ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്ന എല്ലാവരും ദൈവവിശ്വാസികളല്ല എന്ന് നമ്മൾ പറയുന്നില്ല. സാഹചര്യങ്ങളുടെ സൃഷ്ടിയായി പലരും കമ്മ്യൂണിസത്തിലേക്ക് പോയവരുണ്ട്. അതിൽ പലരും നിരീശ്വരത്വം അംഗീകരിക്കുന്നവരോ അതിന്‍റെ സൈദ്ധാന്തികതത്വം പഠിച്ചവരോ ആയിക്കൊള്ളണമെന്നില്ല. അത്തരം ആളുകൾ മതവിശ്വാസികളല്ല എന്ന് നമുക്ക് പറയാനാകില്ല.‘ പൂക്കോട്ടൂർ പറയുന്നു.
കമ്മ്യൂണിസ്റ്റുകാർ പലരും നമ്മുടെ പള്ളിയോടും മദ്രസയോടും ഒക്കെ സഹകരിക്കുന്നവരുമാവാം. അവരെയൊന്നും വെറുപ്പിക്കുന്ന സമീപനം ഇന്നുമിന്നലെയും സ്വീകരിച്ചിട്ടില്ല. പിന്നെ ഇപ്പോഴിത് ചർച്ചയാക്കേണ്ട കാര്യമെന്താണെന്നും പൂക്കോട്ടൂർ ചോദിക്കുന്നു.
ഗവൺമെന്‍റിനോട് സഹകരിക്കുക എന്നത് മറ്റൊരു വശമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സർക്കാരിനോട് സഹകരിക്കുന്നുണ്ട്. ഭരിക്കുന്ന ഒരു സർക്കാരിൽ നിന്ന് നമുക്കവകാശപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ വേണ്ടി വിദ്വേഷസമീപനം സ്വീകരിക്കാതിരിക്കാറുണ്ട്. തന്ത്രപരമായ ഒരു സമീപനം എന്ന് മാത്രം കരുതിയാൽ മതി. ഇപ്പോൾ കേരളത്തിൽ ഒരു മുന്നണി ഭരിക്കുമ്പോൾ പ്യുവർ കമ്മ്യൂണിസ്റ്റുകളല്ല, മതവിശ്വാസികളെക്കൂടി കൂട്ടിച്ചേർത്തുകൊണ്ടുള്ള ഒരു മുന്നണിയാണ് ഭരിക്കുന്നതെന്നും പൂക്കോട്ടൂർ വ്യക്തമാക്കുന്നു.
സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തില്‍ കമ്മ്യൂണിസത്തിനെതിരെ പാസാക്കിയ പ്രമേയം തള്ളി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും നേരത്തെ രംഗത്ത് വന്നിരുന്നു.
Discussion about this post