ഡൽഹി: മഹാരാഷ്ട്ര നിയമസഭയിൽ 12 ബിജെപി എം എൽ എമാരെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്ത സ്പീക്കറുടെ നടപടി റദ്ദാക്കി സുപ്രീം കോടതി. സ്പീക്കറുടെ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷകാല സമ്മേളനം ജൂലൈയിൽ അവസാനിച്ചതോടെ സസ്പെൻഷനും അവസാനിച്ചതായി കണക്കാക്കണമെന്നും കോടതി നിർദേശിച്ചു.
സഭയിൽ ബഹളം വെച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ ജൂലൈയിൽ സ്പീക്കറുടെ ചുമതല വഹിച്ചിരുന്ന ഭാസ്കർ ജാദവ് എം എൽ എമാരെ സസ്പെൻഡ് ചെയ്തത്. സഞ്ജയ് കുതെ, ആശിഷ് ശെലാർ, അഭിമന്യു പവാർ, ഗിരീഷ് മഹാജൻ, അതുൽ ഭട്കൽകർ, പരാഗ് അലവാനി, ഹരീഷ് പിമ്പാലെ, റാം സത്പുതെ, വിജയ് കുമാർ റാവൽ, യോഗേഷ് സാഗർ, നാരായൺ കുചെ, കീർത്തികുമാർ ബാംഗ്ഡിയ എന്നീ എം എൽ എമാരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്.
സഭ കൂടിച്ചേർന്നപ്പോൾ എം എൽ എമാർ സ്പീക്കറുടെ കാബിനിലേക്ക് കടക്കുകയും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസിന്റെയും മുതിർന്ന ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടിലിന്റെയും മുന്നിൽ വെച്ച് സ്പീക്കറെ അപമാനിക്കുകയും ചെയ്തു എന്നതായിരുന്നു സസ്പെൻഷനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച എം എൽ എമാർ, തങ്ങൾ സഭയ്ക്കുള്ളിൽ ജനാധിപത്യപരമായ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത് എന്ന് വിശദീകരിച്ചിരുന്നു.
Discussion about this post