ഡൽഹി: അഫ്ഗാനിസ്ഥാനിലെ പീഡിത ന്യൂനപക്ഷ വിഭാഗങ്ങളായ സിഖ്- ഹിന്ദു സമുദായങ്ങളുടെ പ്രതിനിധികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തെ ചരിത്രപരം എന്നാണ് നേതാക്കൾ വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സമയത്ത് സിഖുകാരെയും ഹിന്ദുക്കളെയും സുരക്ഷിതരായി സ്വീകരിച്ചതിന് അവർ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
നേതാക്കളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, അവർ അതിഥികളല്ലെന്നും സ്വന്തം വീട്ടിലാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്നും പറഞ്ഞു. അവർ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണാൻ ഇന്ത്യ എന്നും കൂടെയുണ്ടാകുമെന്ന് പ്രധാനമന്ത്രി നേതാക്കൾക്ക് ഉറപ്പ് നൽകി. തങ്ങൾക്ക് എപ്പോൾ പ്രശ്നം ഉണ്ടായപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായവുമായി മുന്നോട്ട് വന്നതായി നേതാക്കൾ വ്യക്തമാക്കി.
നരേന്ദ്ര മോദി ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ പ്രധാനമന്ത്രിയാണെന്ന് സിഖ്- ഹിന്ദു നേതാക്കൾ പറഞ്ഞു. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെയും സിഖുകാരുടെയും പ്രയാസങ്ങൾ മനസ്സിലാക്കി പ്രതികരിക്കുന്ന നേതാവാണ് മോദിയെന്ന് അവർ കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, മീനാക്ഷി ലേഖി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. അഫ്ഗാൻ ന്യൂനപക്ഷ നേതാക്കൾ പ്രധാനമന്ത്രിയെ പരമ്പരാഗത അഫ്ഗാൻ തലപ്പാവ് അണിയിച്ചു.
Discussion about this post